ഇടുക്കി ഡാം അടക്കില്ല; ട്രയൽ റൺ തുടരും, ജലനിരപ്പ് 2400 അടി- 22 മരണം

കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് ദിവസമായി കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് തുറന്നു. നിലയ്ക്കാത്ത...

ഇടുക്കി ഡാം അടക്കില്ല; ട്രയൽ റൺ തുടരും, ജലനിരപ്പ് 2400 അടി- 22 മരണം

കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് ദിവസമായി കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് തുറന്നു. നിലയ്ക്കാത്ത മഴയെ തുടര്‍ന്ന് ഇടുക്കി റിസര്‍വോയര്‍ ഡാമിലെ ജലനിരപ്പ് 2400 അടിയിലെത്തിയിരിക്കുന്നു. ആവശ്യമെങ്കില്‍ നാളെ രാവിലെ ഒരു ഷട്ടര്‍ കൂടി തുറന്നേക്കുമെന്ന് മന്ത്രി എംഎം മണി അറിയിച്ചു.

ചെറുതോണി അണക്കെട്ടിലെ മൂന്നാമത്തെ ഷട്ടറാണ് ഉച്ചയോടെ ട്രയൽ റണ്ണിനായി തുറന്നത്. അതിനിടെ കനത്ത മഴയിലുണ്ടായ ഉരുൾപൊട്ടലിലും അപകടങ്ങളിലുമായി സംസ്ഥാനത്ത് 22 പേർ ഇതുവരെ മരിച്ചു. നാല് പേരെ കാണാതായതായും സ്ഥിരീകരണം ഉണ്ട്. സ്ഥിതി അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

നാല്​ മണിക്കൂറിലെ ട്രയൽ റണ്ണിന്​ ശേഷവും ജലനിരപ്പ്​ ഉയർന്ന സാഹചര്യത്തിൽ അണക്കെട്ടിലെ ഷട്ടർ രാത്രി മുഴുവൻ തുറന്നുവെക്കാൻ തീരുമാനമായി. വ്യാഴാഴ്​ച​ ഉച്ചക്ക്​ 12.30ഒാടെയാണ്​ ചെറുതോണി അണക്കെട്ടി​​​​​ന്റെ ഷട്ടറുകളിലൊന്ന്​ തുറന്നത്​. 12.30ന്​ ചെറുതോണി അണക്കെട്ടി​​​​​ന്റെ ഷട്ടർ തുറക്കുമ്പോൾ 2399.04 അടിയായിരുന്നു ജലനിരപ്പ്​. അണക്കെട്ട്​ തുറന്ന്​ അരമണിക്കൂറിന്​ ശേഷവും ജലനിരപ്പിൽ കുറവ്​ വന്നില്ല. ഒരു മണിക്ക്​ ജലനിരപ്പ്​ 2399.10 അടിയായി കൂടി. മൂന്ന്​ മണിക്ക്​ ഇത്​ 2399.40 അടിയായും 4.30ന്​ 2399.58 അടിയായും 8 മണിക്ക് 2400 അടിയുമായി. ഇതോടെയാണ് ട്രയൽ റൺ രാത്രി മുഴുവനും തുടരാൻ അധികൃതർ തീരുമാനിച്ചത്.

സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ ജലമാണ് ഒഴുക്കി വിടുന്നത്. നാല്​ മണിക്കൂർ ഷട്ടർ തുറന്നിടാനായിരുന്നു തീരുമാനം. എന്നാൽ, ജലനിരപ്പ്​ കുറയാത്തതിനാൽ തീരുമാനം മാറ്റുകയായിരുന്നു. രാവിലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് ഷട്ടര്‍ തുറന്ന് ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനിച്ചത്. നാല് മണിക്കൂര്‍ കൊണ്ട് 7,200,00 ക്യുബിക് മീറ്റര്‍ (0.72 ദശലക്ഷം ക്യുബിക് മീറ്റര്‍) ജലം നഷ്ടമാകും. ഇത് മൂന്നാം തവണയാണ് ഇടുക്കി ഡാം തുറന്നുവിടുന്നത്. 1981 ലായിരുന്നു ആദ്യം.

എണ്ണായിരത്തോളം പേരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി പാര്‍പ്പിച്ചിട്ടുണ്ട്. പ്രായമായവർ, രോഗമുള്ളവർ, അംഗ പരിമിതർ എന്നിവർക്ക് പ്രത്യേക പരിഗണന നൽകാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. ദുരന്ത പ്രദേശങ്ങളിലും ഇത്തരക്കാരെ ശ്രദ്ധിക്കണം. ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമായ ഭക്ഷണം, വെള്ളം, വസ്ത്രം,ശുചി മുറികൾ തുടങ്ങിയവ ഒരുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ക്യാമ്പുകളിൽ ഡോക്ടർമാരുടെ സേവനവും ഉറപ്പുവരുത്തും.

മഴക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘം രണ്ട് സംഘങ്ങളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിക്കുന്നുണ്ട്. അതേസമയം സംസ്ഥാനത്ത് ഇപ്പോൾ 24 അണക്കെട്ടുകളാണ് തുറന്നിരിക്കുന്നത്.

മഴക്കെടുതിയിൽ സംസ്ഥാനത്ത് 22 പേരാണ് മരിച്ചത്. കാണാതായ നാലുപേര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു. അഞ്ചു ജില്ലകളില്‍ ഉരുള്‍പൊട്ടി.
ഏറ്റവും കൂടുതൽ ആൾനാശം സംഭവിച്ചത് ഇടുക്കി ജില്ലയിലാണ്. ഇവിടെ ഒരു കുടുംബത്തിലെ അഞ്ചു പേരടക്കം 10 പേരും മലപ്പുറത്ത് ഒരു കുടുംബത്തിലെ അഞ്ചുപേരും മരിച്ചു. ഇടുക്കി കഞ്ഞിക്കുഴി പെരിയാര്‍വാലിയില്‍ ഉരുള്‍പൊട്ടി രണ്ട് പേര്‍ മരിച്ചിട്ടുണ്ട്. വയനാട്ടിലും ഒരു മരണം റിപ്പോർട്ട് ചെയ്തു. മാനന്തവാടി തലപ്പുഴ മക്കിമലയിൽ ഉരുൾപൊട്ടി ഒരു കുടുംബം മണ്ണിനടിയിൽ കുടുങ്ങിയിട്ടുണ്ട്.

അടിമാലി- മൂന്നാര്‍ റൂട്ടില്‍ ദേശീയ പാതയ്ക്കു സമീപം പുത്തന്‍കുന്നേല്‍ ഹസന്‍ കോയ എന്നയാളുടെ വീടിനു മുകളിലേക്ക് പുലര്‍ച്ചെ രണ്ട് മണിയോടെ മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ഏഴു പേരാണ് വീട്ടിലുണ്ടായിരുന്നത്. ഹസ്സന്‍ കോയയുടെ ഭാര്യ ഫാത്തിമ, മകന്‍ മുജീബ്, ഭാര്യ ഷമീന, മക്കളായ ദിയ ഫാത്തിമ, നിയ ഫാത്തിമ എന്നിവരാണ് മരിച്ചത്. ഹസന്‍ കോയയും ബന്ധു സൈനുദ്ദീനും പരിക്കുകളോടെ രക്ഷപ്പെട്ടു.

ഇടുക്കി കഞ്ഞിക്കുഴി പെരിയാര്‍വാലിയില്‍ ഉരുള്‍പൊട്ടി രണ്ട് പേര്‍ മരിച്ചു. കഞ്ഞിക്കുഴി പെരിയാര്‍ വാലിയില്‍ കൂടക്കുന്നേല്‍ അഗസ്തി, ഭാര്യ ഏലിക്കുട്ടി എന്നിവരാണ് മരിച്ചത്.

നിലമ്പൂരിൽ ആഢ്യൻപാറക്ക് മുകളിൽ ചെട്ടിയാൻ പാറയിൽ ഉരുൾപൊട്ടി, ആറു പേർ മരിച്ചു. അഞ്ചു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. പറമ്പാടൻ കുഞ്ഞി (56), മരുമക്കൾ ഗീത (29), മക്കളായ നവനീത് (8), നിവേദ് (3), കുഞ്ഞിയുടെ സഹോദരി പുത്രൻ മിഥുൻ (16) എന്നിവരുടെ മൃതദേഹങ്ങളാണ് രാവിലെ 8.30 ഓടെ കണ്ടെത്തിയത്.കുഞ്ഞിയുടെ മകൻ സുബ്രഹ്മണ്യനെ (30) കണ്ടെത്തിയിട്ടില്ല.

Read More >>