സംസ്ഥാനത്ത് കനത്തമഴ: അഞ്ച് മരണം; പരക്കെ നാശനഷ്ടം

Published On: 16 July 2018 8:45 AM GMT
സംസ്ഥാനത്ത് കനത്തമഴ: അഞ്ച് മരണം; പരക്കെ നാശനഷ്ടം

ഇടുക്കി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇടുക്കി, കോട്ടയം ജില്ലകളില്‍ വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടി. ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് എറണാകുളത്ത് സിഗ്‌നല്‍ സംവിധാനം തകരാറിലായതോടെ മധ്യകേരളത്തില്‍ തീവണ്ടി ഗതാഗതം താറുമാറായി. കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് അഞ്ച് മരണം.

ശക്തമായി തുടരുന്ന കാലവര്‍ഷത്തെ തുടര്‍ന്ന് ഇടുക്കിയിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിലായി. തൊടുപുഴ മേത്തൊട്ടിയില്‍ ഉരുള്‍പൊട്ടി വീട് ഒലിച്ചുപോയി. മഴയെതുടര്‍ന്ന് വീട്ടിലുള്ളവര്‍ വീട്ടില്‍ നിന്ന് മാറി താമസിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി. ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍, ഹെഡ്വര്‍ക്ക്സ്, മലങ്കര എന്നീ അണക്കെട്ടുകള്‍ തുറന്നുവിട്ടു. മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 130 അടിയായി.

തൊടുപുഴ, കാളിയാര്‍, പെരിയാര്‍ പുഴകള്‍ കരകഴിഞ്ഞൊഴുകുകയാണ്. തൊടുപുഴയാറിന്റെ തീരപ്രദേശങ്ങളില്‍ ഭൂരിഭാഗവും വെള്ളത്തിനടയിലാണ്. ടൗണിലെ കടകളിലെല്ലാം വെള്ളം കയറി. മ്രാല, ഒളമറ്റം, മൂന്നാംമൈല്‍ എന്നീ സ്ഥലങ്ങളിലെ കൈതോടുകളിലേക്ക് തൊടുപുഴയാറ്റിലെ വെള്ളം കവിഞ്ഞൊഴുകി, റോഡിനിരുഭാഗത്തുമുള്ള വീടുകളിലും കടകളിലും വെള്ളം കയറി. മലങ്കര ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു. 41.20 അടിയായപ്പോഴാണ് ഡാം തുറന്നത്. 42 അടിയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. ഇന്ന് രാവിലെ ആറ് മുതല്‍ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തിയായി തുടരുകയാണ്.

മൂന്നാര്‍ അടക്കമുള്ള ഹൈറേഞ്ച് പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. വെള്ളത്തൂവല്‍- രാജാക്കാട് റോഡിന് സമീപം എസ് വളവില്‍ പാറക്കെട്ടുകളും മണ്ണുമിടിഞ്ഞ് ഗതാഗതം നിലച്ചു. മൂലമറ്റത്ത് മണ്ണിടിച്ചിലുണ്ടായി. ഇരുമ്പുപാലം- പടിക്കപ്പ് റോഡ് വെള്ളത്തിലായി. എറണാകുളം നഗരത്തിന്റെ സമീപത്തും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. പെരിയാര്‍ കരകവിഞ്ഞ് ഒഴുകുകയാണ്.

ആലുവ മേഖലയില്‍ പലയിടത്തു വീടുകളില്‍ വെള്ളം കയറിയത് ജനജീവിതം ദുരിതത്തിലാക്കി. ആലുവ പാതാളത്ത് അലിയുടെ 20 അടി താഴ്ച്ചയുള്ള കിണര്‍ ഇടിഞ്ഞു താഴ്ന്നു.തീരദേശ മേഖലകളില്‍ പലയിടത്തും കടല്‍ക്ഷോഭമുണ്ടായതോടെ വീടുകളിലേക്ക് വെള്ളം അടിച്ചു കയറി. ചെല്ലാനത്തും മുനമ്പത്തുമാണ് കടല്‍ ക്ഷോഭം രൂക്ഷമായത്. ചെല്ലാനത്ത് 50 ഓളം വീടുകളിലാണ് വെള്ളം കയറിയത്. പലരും വീടുകളില്‍ നിന്ന് മാറിത്താമസിച്ചു തുടങ്ങി.

Top Stories
Share it
Top