കാലവര്‍ഷം: കോഴിക്കോട് എട്ട്‌ മരണം; ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്

Published On: 2018-06-15T08:45:00+05:30
കാലവര്‍ഷം: കോഴിക്കോട് എട്ട്‌ മരണം; ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്

കോഴിക്കോട്:കനത്ത മഴയിലും ഉരുള്‍പൊട്ടലിലും സംസ്ഥാനത്ത് 15 മരണം. കോഴിക്കോട് കരിഞ്ചോലയില്‍ ഒരു കുട്ടിയുടെ മൃതദേഹവും കൂടി ലഭിച്ചു. ഇതോടെ കോഴിക്കോട് മാത്രം കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഇന്നലെ മരിച്ച ഹസ്സന്റെ ചെറുമകള്‍ റിഫ മറിയത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്

ഇനി കണ്ടെത്താനുള്ളത് ആറ് പേരെ,ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കോഴിക്കോട് കരിഞ്ചോലയില്‍ മാത്രം വ്യാഴാഴ്ച ഏഴുപേരാണ് മരിച്ചത്. മലവെള്ളപ്പാച്ചിലില്‍ നാല് വീടുകള്‍ വെള്ളത്തിനടിയിലായി. വന്‍ കൃഷിനാശവും ഉണ്ടായി.

ജില്ലയില്‍ 12 പന്ത്രണ്ട് പഞ്ചായത്തുകളിലായി ആയിരത്തോളം കുടുംബങ്ങളെയാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാലവര്‍ഷകെടുതി നേരിടുന്നതിന് അടിയന്തരനടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും കലക്ടര്‍മാര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി.

കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മല്‍സ്യബന്ധനത്തിന് പോകരുതെന്ന് മുന്നിറിയിപ്പ് നല്‍കിയിട്ടുണ്ട്. വൈകിട്ട് വരെ ജാഗ്രത പാലിക്കണം. വയനാട് ഭാഗത്തേക്ക് പോകുന്ന ദീര്‍ഘദൂര ബസുകള്‍ കുറ്റ്യാടി വഴി സര്‍വ്വീസ് നടത്തും. ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

Top Stories
Share it
Top