മഴ തുടരുന്നു; മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മൂന്നു ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു കലക്ടർ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം...

മഴ തുടരുന്നു; മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മൂന്നു ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു കലക്ടർ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. പത്തനംതിട്ടയിലും കോട്ടയത്തും പ്രഫഷനൽ കോളജുകൾ ഉൾപ്പടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രഖ്യാപിച്ചു. എറണാകുളം ജില്ലയില്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ള സ്കൂളുകള്‍ക്ക് നാളെ അവധിയായിരിക്കും. അമ്പലപ്പുഴ, ചേർത്തല, കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളില്‍ പ്രഫഷനൽ കോളജുകൾ ഒഴികെ അവധി പ്രഖ്യാപിച്ചു.

ചെങ്ങന്നൂർ താലൂക്കിൽ ദുരിതാശ്വാസ ക്യാംപുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധിയായിരിക്കും. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലെ ഐസിഎസ്‌ഇ, സിബിഎസ്‌ഇ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ജില്ലാ കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു.

എറണാകുളം ജില്ലയിലെ നഴ്സറി ക്ലാസുകള്‍, അംഗന്‍വാടികള്‍, സ്റ്റേറ്റ് സിലബസ്, സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ സ്കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. കോളേജുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധിയില്ല.
സ്കൂളുകളുടെ പകരം പ്രവൃത്തിദിനം വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ അറിയിക്കും. കോളേജുകളില്‍ പകരം പ്രവൃത്തിദിനം സംബന്ധിച്ച് മാനേജ്മെന്‍റുകള്‍ക്ക് തീരുമാനമെടുക്കാനും കളക്ടര്‍ അനുമതി നല്‍കി. അംഗന്‍വാടികളിലെ ജീവനക്കാര്‍ക്കും അവധിയായിരിക്കും.

മഹാത്മാഗാന്ധി സർവ്വകലാശാല ചൊവ്വാഴ്ച നടത്തുവാൻ നിശ്‌ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ജൂലൈ 16, 17 തീയതികളിൽ നടത്തുവാൻ നിശ്‌ചയിച്ചിരുന്ന പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് പ്രസിദ്ധീകരിക്കും. കണ്ണൂർ സർവകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തിയതി പിന്നീട്. കാലിക്കറ്റ് സർവകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

ആരോഗ്യ സർവകലാശാലയുടെ കീഴിൽ ചൊവ്വാഴ്ച ബി.ഫാം പരീക്ഷകൾ മാത്രമാണു നടക്കുന്നത്. അതും ഉച്ചയ്ക്കു ശേഷം. ആയതിനാൽ രാവിലത്തെ സ്ഥിതി ഗതികൾ നോക്കിയശേഷം പരീക്ഷകളുടെ കാര്യത്തിൽ തീരുമാനം എടുക്കുമെന്നു പരീക്ഷാ കൺട്രോളറും ഡീനും അറിയിച്ചു.

Read More >>