മഴ: വയനാടും പാലക്കാടും ദുരിതത്തിൽ

കല്‍പ്പറ്റ: വയനാട്ടില്‍ കനത്ത മഴയെതുടര്‍ന്ന് ദുരന്ത നിവാരണ അതോറിറ്റി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധയിടങ്ങളില്‍...

മഴ: വയനാടും പാലക്കാടും ദുരിതത്തിൽ

കല്‍പ്പറ്റ: വയനാട്ടില്‍ കനത്ത മഴയെതുടര്‍ന്ന് ദുരന്ത നിവാരണ അതോറിറ്റി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധയിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നാവിക സേനയുടെ മൂന്ന് ഹെലികോപ്റ്ററുകളും രംഗത്തുണ്ട്. ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ ഭരണകൂടവും വരും മണിക്കൂറുകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. വയനാട് ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

ജില്ലകളില്‍ വിവിധയിടങ്ങളിലായി ഉരുള്‍പൊട്ടലുമുണ്ടായി. മലപ്പുറത്ത് അഞ്ചിടത്തും കോഴിക്കോട് മൂന്നിടത്തും ഉരുള്‍പൊട്ടി. സംസ്ഥാനത്ത് ഇതുവരെ 22 പേര്‍ വെള്ളപൊക്കത്തിലും ഉരുള്‍പൊട്ടലിലുമായി മരിച്ചു.. ഇടുക്കി ജില്ലയില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരടക്കം 10 മരണം റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറത്ത് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. വയനാട്ടിലും മൂന്നു മരണം റിപ്പോര്‍ട്ട് ചെയ്തു. മാനന്തവാടി തലപ്പുഴ മക്കിമലയില്‍ ഉരുള്‍പൊട്ടി ഒരു കുടുംബം മണ്ണിനടിയില്‍ കുടുങ്ങി. പെരിയാര്‍വാലിയില്‍ രണ്ടുപേരെ കാണാനില്ല.

പാലക്കാട് ജില്ലയില്‍ നിരവധി വീടുകള്‍ മുഴുവനായും വെള്ളത്തിനടിയിലാണ്. പാലക്കാട് നഗരം, പുതു പരിയാരം, കല്‍പ്പാത്തി എന്നീ പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. പാലക്കാട് ആണ്ടിമടത്ത് 20 ഓളം കുടുംബങ്ങളെ അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് മാറ്റി. മലമ്പുഴ ഡാമില്‍ വെളളം നിറഞ്ഞതിനെ തുടര്‍ന്ന് ഷട്ടര്‍ നാലടി ഉയര്‍ത്തിയിട്ടുണ്ട്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു. മലമ്പുഴ ഡാമിന്റെ ഷട്ടര്‍ തുറന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും പുഴകളില്‍ ഇറങ്ങരുതെന്നും മീന്‍ പിടിക്കാന്‍ പോവരുതെന്നും കലക്ടര്‍ അറിയിച്ചു.

പാലക്കാട്, കഞ്ചിക്കോട് സെക്ഷനില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്. ട്രെയിനുകള്‍ മൂന്നു മണിക്കൂര്‍ വരെ വൈകിയാണ് ഓടുന്നത്. സേലം, കോയമ്പത്തൂര്‍, ഈറോഡ് വഴിയുള്ള ട്രെയിനുകളാണ് വൈകുന്നത്. ബെംഗളുരൂ, ചെന്നൈ, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേയ്ക്ക് പാലക്കാട് വഴിയുളള ട്രെയിനുകളും വൈകിയാണ് ഓടുന്നത്. നൂറോളം ട്രെയിന്‍ സര്‍വീസുകളെ ഇത് ബാധിക്കുമെന്നാണ് വിവരം.

Read More >>