കേരളത്തില്‍ 17 വരെ അതിശക്തമായ മഴ; എറണാകുളം, വയനാട് ജില്ലകൾക്ക് നാളെ അവധി

തിരുവനന്തപുരം: കേരള തീരത്ത് പതിനേഴുവരെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചൊവ്വാഴ്ച്ച മുതല്‍ 12 മുതല്‍ 20 സെന്റിമീറ്റര്‍...

കേരളത്തില്‍ 17 വരെ അതിശക്തമായ മഴ; എറണാകുളം, വയനാട് ജില്ലകൾക്ക് നാളെ അവധി

തിരുവനന്തപുരം: കേരള തീരത്ത് പതിനേഴുവരെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചൊവ്വാഴ്ച്ച മുതല്‍ 12 മുതല്‍ 20 സെന്റിമീറ്റര്‍ വരെ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. തുടര്‍ച്ചയായി ലഭിക്കുന്ന ശക്തമായ മഴ പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്കു കാരണമായേക്കാമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ആലപ്പുഴയ്ക്കു വടക്കുള്ള ജില്ലകളിലും മലയോര മേഖലകളിലും അതിതീവ്രമായ മഴയായിരിക്കും. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ വടക്കു പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 35 മുതല്‍ 45കിലോ മീറ്റര്‍ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. ലക്ഷദ്വീപിന്റെ പടിഞ്ഞാറു ഭാഗത്തും അറബിക്കടലിന്റെ വടക്കു ഭാഗത്തും കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ ചൊവ്വ ഉച്ച രണ്ടുമണിമുതല്‍ അടുത്ത 24 മണിക്കൂറിലേക്ക് മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്.

കനത്ത മഴയെ തുടർന്ന് (ജൂലൈ 10) എറണാകുളം, വയനാട് ജില്ലകളില്‍ നാളെ സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവയുള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ ഐസിഎസ്ഇ സ്കൂളുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും അവധി ബാധകമാണ്. പകരം മറ്റൊരു ശനിയാഴ്ച പ്രവര്‍ത്തി ദിനമായിരിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

ജില്ലാ കളക്ടർമാർക്കുള്ള നി‍ർദേശങ്ങൾ

1. മലയോര മേഖലയിലെ താലൂക്ക് കണ്ട്രോള്‍റൂമുകള്‍ 24 മണിക്കുറും 13-7-2018വരെ പ്രവര്‍ത്തിപ്പിക്കുക.
2. മഴ ശക്തമായിട്ടുള്ളതും, വെള്ളപ്പൊക്ക സാധ്യതയുള്ളതുമായ താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ ഒരു താക്കോല്‍ വില്ലേജ് ഓഫീസര്‍മാര്‍/തഹസില്‍ദാര്‍മാര്‍ കയ്യില്‍ കരുതുക. അവശ്യമാണെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ മറ്റ് നടപടികള്‍ സ്വീകരിച്ചു എന്ന് ഉറപ്പ് വരുത്തുക
3. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 pm - 7 am) മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തുവാന്‍ പോലീസിന് നിര്‍ദേശം നല്‍കുക
4. ബീച്ചുകളില്‍ വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍ DTPC മുഖാന്തരം നടപടി സ്വീകരിക്കുക. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം എന്ന പ്രചാരണം നടത്തുക.
5. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനനങ്ങള്‍ നിര്‍ത്തുന്നത് അനുവദിക്കാതിരിക്കുവാന്‍ പോലീസിന് നിര്‍ദേശം നല്‍കുക.
6. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക്‌ ചെയ്യാതിരിക്കുവാന്‍ ശ്രദ്ധിക്കണം എന്ന് ജനങ്ങളോട് ആഹ്വാനം ചെയ്യുക.
‌7. ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററിന്റെ നമ്പര്‍ പൊതുജനങ്ങള്‍ക്കായി പ്രസിദ്ധപ്പെടുത്തുക.

Story by
Read More >>