ശക്തമായ മഴ തുടരുന്നു; മരണം 29 ആയി

Published On: 10 Aug 2018 4:30 PM GMT
ശക്തമായ മഴ തുടരുന്നു; മരണം 29 ആയി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പല ഭാഗത്തും കനത്ത മഴ തുടരുകയാണ്. വിവിധയിടങ്ങളില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകമഴയില്‍ ഇന്നലെയും ഇന്നുമായി സംസ്ഥാനത്ത് മരണം 29 ആയി. നാലുപേരെ കാണാതായി.വെള്ളിയാഴ്ച 10ന് വൈകിട്ട് നാലു മണി വരെയുള്ള കണക്കനുസരിച്ച് 25 പേര്‍ മണ്ണിടിച്ചിലിലും നാലു പേര്‍ മുങ്ങിയുമാണ് മരിച്ചത്.പാലക്കാടും എറണാകുളത്തുമാണ് രണ്ടു പേര്‍ വീതം മുങ്ങിമരിച്ചത്. മലപ്പുറത്ത് ആറും ഇടുക്കിയില്‍ 12ഉം കോഴിക്കോട് ഒന്നും കണ്ണൂരില്‍ രണ്ടും വയനാട്ടില്‍ നാലും പേര്‍ മണ്ണിടിഞ്ഞ് വീണ് മരിച്ചു. ഇടുക്കിയില്‍ രണ്ടും മലപ്പുറത്തും പാലക്കാടും ഓരോരുത്തരെയും കാണാതായിട്ടുണ്ട്. 21 പേര്‍ക്ക് പരിക്കേറ്റു.

രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം രംഗത്തുണ്ട്. ഇടുക്കി ഡാമില്‍ നിന്ന് കൂടുതല്‍ വെളളം തുറന്നുവിട്ടതോടെ തീരമേഖലകളില്‍ യുദ്ധസമാന മുന്നൊരുക്കങ്ങളാണ് നടക്കുന്നത്. ദുരിതം വിതച്ചു സംസ്ഥാനത്ത് പലയിടത്തും ഉരുള്‍പൊട്ടലുണ്ടായി. പമ്പ ത്രിവേണി പാലം വെള്ളത്തിനടിയിലായി. ആനത്തോട് കൊച്ചുപമ്പ ഡാം തുറന്നുവിട്ടതിനെ തുടര്‍ന്നാണു പാലത്തിനു മുകളില്‍ വെള്ളം കയറിയത്. ഇതോടെ ശബരിമലയിലേക്കുള്ള വഴിയും തടസപ്പെട്ടു.
ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഒരു സംഘത്തെ ഹെലികോപ്റ്റര്‍ മുഖേന വയനാട്ടില്‍ എത്തിച്ചു. 15 അംഗങ്ങളാണ് സംഘത്തില്‍ ഉള്ളത്. 48 പേരടങ്ങുന്ന മറ്റൊരു സംഘം രാവിലെയോടെ വയനാട്ടിലെത്തി. 28 പേരടങ്ങുന്ന ഒരു സംഘം മലപ്പുറത്തും 28 പേരടങ്ങുന്ന മറ്റൊരു സംഘം കോഴിക്കോടും പ്രവര്‍ത്തനം ആരംഭിച്ചു. 48 പേരടങ്ങുന്ന ഒരു സംഘം നിലവില്‍ കോഴിക്കോട് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. രാത്രിയോടെ ദേശീയ ദുരന്ത പ്രതികരണ സേനയുടെ മൂന്ന് സംഘങ്ങള്‍ പാലക്കാട് എത്തി. ഇവരില്‍ 28 പേരടങ്ങുന്ന ഒരു സംഘം പാലക്കാടും 48 പേരടങ്ങുന്ന മറ്റൊരു സംഘം ഇടുക്കിയിലേക്കും പോയി.

സംസ്ഥാനത്ത് ആരംഭിച്ച 439 ദുരിതാശ്വാസ ക്യാമ്പുകളിലായി 12240 കുടുംബങ്ങളിലെ 53501 പേര്‍ കഴിയുന്നു. വെള്ളിയാഴ്ച വൈകിട്ട് നാലു മണി വരെയുള്ള കണക്കാണിത്. ആലപ്പുഴയില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പുകളില്‍ കഴിയുന്നവര്‍ ഉള്‍പ്പെടെയാണിത്. എറണാകുളത്ത് 68 ക്യാമ്പുകളിലായി 2795 കുടുംബങ്ങളിലെ 9476 പേര്‍ കഴിയുന്നു.

മലപ്പുറത്ത് 13 ക്യാമ്പുകളില്‍ 1050 പേര്‍ കഴിയുന്നുണ്ട്. ഇടുക്കിയില്‍ പത്ത് ക്യാമ്പുകളില്‍ 533 പേരുണ്ട്. കോഴിക്കോട് 848 പേര്‍ പതിനെട്ട് ക്യാമ്പുകളില്‍ കഴിയുന്നു. കണ്ണൂരില്‍ പത്ത് ക്യാമ്പുകളിലായി 539 പേരുണ്ട്. തൃശൂരില്‍ 13 ക്യാമ്പുകളില്‍ 1029 പേര്‍ താമസിക്കുന്നു. വയനാട് 113 ക്യാമ്പുകളിലായി 7367 പേര്‍ കഴിയുന്നു. പാലക്കാട് 19 ക്യാമ്പുകളില്‍ 3000 പേരുണ്ട്. കനത്തമഴയില്‍ സംസ്ഥാനത്ത് 71 വീടുകള്‍ ഭാഗികമായും 29 വീടുകള്‍ പൂര്‍ണമായും നശിച്ചു.


Top Stories
Share it
Top