കട്ടിപ്പാറ ഉരുൾപൊട്ടലില്‍ മരണം  ആറായി ;  ആറ് പേരെ കാണാനില്ല 

Published On: 14 Jun 2018 7:30 AM GMT
കട്ടിപ്പാറ ഉരുൾപൊട്ടലില്‍ മരണം  ആറായി ;  ആറ് പേരെ കാണാനില്ല 

കോഴിക്കോട്: കാലവര്‍ഷം കനത്തതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഉരുൾ പൊട്ടലിലും വ്യാപക നാശനഷ്ടം. താമരശേരി കരിഞ്ചോല കട്ടിപ്പാറയില്‍ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം ആറ് ആയി. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. വെട്ടിയൊഴിഞ്ഞ തോട്ടം കരിഞ്ചോല അബ്ദുറഹിമാൻ (60), കരിഞ്ചോല ജാഫറിന്റെ മകൻ മുഹമ്മദ് ജാസിം (അഞ്ച്) , കരിഞ്ചോല അബ്ദുൽ സലീമിന്റെ മക്കളായ ദിൽന ഷെറിൻ (ഒമ്പത്) , മുഹമദ് ഷഹബാസ് ( മൂന്ന് ) ഹസന്‍റെ മകള്‍ ഹന്നത്ത് എന്നിവരാണ് മരിച്ചത്.

നാല് വീടുകളിലുണ്ടായിരുന്ന 12 പേരാണ് അപകടത്തില്‍ പെട്ടത്. ഏഴ് പേര്‍ക്കായി തെരച്ചില്‍ ഇപ്പോഴും തുടരുകയാണു . നോമ്പുതുറയ്ക്കായി വീടുകളില്‍ പുറത്തുനിന്നും ആളുകളെത്തിയിരുന്നു. കൂടുതല്‍ ആളുകള്‍ ഈ വീടുകളില്‍ എത്തിയിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. കരിഞ്ചോലയില്‍ അഞ്ച് വീടുകള്‍ പൂര്‍ണ്ണമായും ഒലിച്ചുപോയി. രണ്ട് കുടുംബങ്ങളിലുളളവര്‍ കഴിഞ്ഞ ദിവസം ഒഴിഞ്ഞുപോയിരുന്നു. കനത്ത മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. വീണ്ടും ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുമ്പോഴും ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

മഞ്ചേരി പുൽപറ്റ സ്വദേശി മുഹമ്മദ് സുനീർ (35) മഴവെള്ളപ്പാച്ചിലിൽ അകപ്പെട്ടു മരിച്ചു. ജൂൺ 18 വരെ സംസ്ഥാനത്തു ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കു സാധ്യതയുണ്ട്.

കരിഞ്ചോലമലയിലെ ദുരിതബാധിതരെ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. മന്ത്രിമാരായ ടി.പി.രാമകൃഷ്ണൻ, എ.കെ.ശശീന്ദ്രൻ, എം.കെ.രാഘവൻ എം പി, കാരാട്ട് റസാഖ് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി എന്നിവർ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ചു.

കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസർകോട്‌, പാലക്കാട്‌ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തുടര്‍ച്ചയായി മഴ ലഭിച്ചതിനാല്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ തുടരാന്‍ സാധ്യതയുണ്ട്. കോഴിക്കോട്ടും മലപ്പുറത്തും കഴിഞ്ഞ 24 മണിക്കൂറിൽ അസാധാരണ മഴയാണു ലഭിച്ചത്. മഞ്ചേരിയിൽ 24 സെ.മീ., നിലമ്പൂർ 21 സെ.മീ., കരിപ്പൂർ 20 സെ.മീ മഴ രേഖപ്പെടുത്തി. അതീവജാഗ്രത തുടരണമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലവര്‍‍‍‍ഷക്കെടുതി നേരിടുന്നതിന് അടിയന്തരനടപടി സ്വീകരിക്കാന്‍ ചീഫ് സെക്ര‌ട്ടറിക്കും കലക്‌ടര്‍മാര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നല്‍കി.

ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപാച്ചിലിൽ അഞ്ച് വീടുകൾ മണ്ണിനടിയിലായി. അഗ്നിശമന സേനയും പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കൂടാതെ, സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന് ആരക്കോണത്തു നിന്നുള്ള ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു ടീം കൂടി ദുരന്തബാധിത പ്രദേശത്തേക്ക് തിരിച്ചു. പ്രത്യേക പരിശീലനം ലഭിച്ച 48 അംഗ സംഘമാണ് കോഴിക്കോട്ടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ മാക്കൂട്ടം ചുരം റോഡ് ജൂലൈ 12 വരെ അടച്ചു. ഉരുള്‍പൊട്ടലില്‍ മാക്കൂട്ടത്ത് റോഡ് ഒലിച്ചുപോയ സാഹചര്യത്തിലാണ് പാത അടച്ചത്.

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് താമരശേരി കരിഞ്ചോല കട്ടിപ്പാറയില്‍ ഉരുൾപൊട്ടലുണ്ടായത്. പണി നടന്നു കൊണ്ടിരിക്കുന്ന വീടിനോട് ചേർന്ന് ഷെഡിൽ താമസിക്കുകയായിരുന്ന കരിഞ്ചോല പ്രസാദും കുടുംബവും ഒഴുക്കിൽപ്പെട്ടെങ്കിലും നാട്ടുകാർ രക്ഷപ്പെത്തി. പ്രസാദിന്റെ താൽക്കാലിക വീടും, ആറ് വളർത്ത് ആടുകളും മലവെള്ളപ്പാച്ചിലിൽ നഷ്ടമായി. ഈങ്ങാപ്പുഴ, അവേലം, നെല്ലാംകണ്ടി, കോളിക്കൽ, പൂനൂർ എന്നിവിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. താമരശ്ശേരി ചുരത്തിൽ ഒന്പതാം വളവിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. താമരശ്ശേരിയിൽ കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിൽ വിവിധ ഭാഗങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. കട്ടിപ്പാറ വെട്ടൊഴിഞ്ഞ തോട്ടം ഭാഗത്ത് നിരവധി വീടുകൾ തകർന്നു. പെരുവണ്ണാമൂഴി ഡാമിന്റെ പെൻസ്റ്റോക്ക് പൈപ്പിന് സമീപം ഉരുൾപൊട്ടല്ലണ്ടായി. തലനാരിഴയ്ക്കാണ് വൻ അപകടം ഉഴിവായത്.

Top Stories
Share it
Top