തോരാമഴ തീരാ ദുരിതം: ദേശീയ ദുരന്തനിവാരണ സേന രംഗത്ത്‌

വെബ്‌ഡെസ്‌ക്ക്: കനത്തു പെയ്യുന്ന മഴയില്‍ ജനജീവിതം ദുരിതത്തില്‍. മധ്യകേരളത്തിലാണു കൂടുതൽ നാശം. ചൊവ്വാഴ്ച മാത്രം സംസ്ഥാനത്ത് ആറു പേരാണ് മരിച്ചത്....

തോരാമഴ തീരാ ദുരിതം:  ദേശീയ ദുരന്തനിവാരണ സേന രംഗത്ത്‌

വെബ്‌ഡെസ്‌ക്ക്: കനത്തു പെയ്യുന്ന മഴയില്‍ ജനജീവിതം ദുരിതത്തില്‍. മധ്യകേരളത്തിലാണു കൂടുതൽ നാശം. ചൊവ്വാഴ്ച മാത്രം സംസ്ഥാനത്ത് ആറു പേരാണ് മരിച്ചത്. മൂന്ന് പേരെ കാണാതായിട്ടുണ്ട്. അതേ സമയം 21 വരെ ശക്തമായ മഴ തുടരുമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്. തീരപ്രദേശത്തു കടൽക്ഷോഭം തുടരുന്നു. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനു സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുത്തെന്നും മുന്നറിയിപ്പുണ്ട്.

കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന കോട്ടയത്ത് ദേശീയ ദുരന്തനിവാരണ സേന പ്രവർത്തനമാരംഭിച്ചു. അസി. കമാൻഡ്​ പി.എം. ജിതേഷി​​​ൻെറ നേതൃത്വത്തിൽ 22 അംഗങ്ങൾ വീതമുള്ള രണ്ട്​ സംഘമായി തിരിഞ്ഞ്​ വെള്ളത്തിൽ കുടുങ്ങിയ​വരെ സുരക്ഷിത കേന്ദ്രത്തിലേക്ക്​ മാറ്റുന്ന പ്രവർത്തനമാണ് ആരംഭിച്ചത്. കാരക്കോണം നാലാം ബറ്റാലിയന്​ കീഴിലുള്ള തൃശൂർ റീജനൽ ​റെസ്​പോൺസ്​ സ​​ൻെറിലെ 45 അംഗസംഘമാണ്​ ജില്ലയിൽ എത്തിയത്​.

വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുളള സ്ഥലങ്ങളില്‍ ആളുകള്‍ വിനോദത്തിനായി കൂട്ടം കൂടുന്നതും സെല്‍ഫി എടുക്കുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കും. അതിശക്തമായ ഒഴുക്കുളള സമയമാണെന്നും ജില്ലയിലെ ഇപ്പോഴത്തെ സ്ഥിതി ഗൗരവത്തില്‍ കാണണമെന്നും കലക്ടര്‍ അറിയിച്ചു. കോട്ടയം പ്രളയഭീതിയിലാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

കനത്തമഴയെത്തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി.മീനച്ചിലാറ്റില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ട്രെയിനുകള്‍ റദ്ദാക്കിയിരിക്കുന്നത്. ഗുരുവായൂര്‍-പുനലൂര്‍, പുനലൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍, തിരുനെല്‍വേലി-പാലക്കാട്, പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്‌സപ്രസ്, കോട്ടയം-എറണാകുളം, എറണാകുളം- കോട്ടയം പാസഞ്ചര്‍, കൊല്ലം- എറണാകുളം മെമു, എറണാകുളം - കൊല്ലം മെമു തുടങ്ങിയ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. മറ്റു ട്രെയിനുകള്‍ വേഗത കുറച്ചാണ് കോട്ടയം വഴി കടന്നുപോകുക.

വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. എംജി, കാലിക്കറ്റ്, കേരള സർവകലാശാലകൾ ബുധനാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചിട്ടുണ്ട്. ജൂലൈ 18നു നിശ്ചയിച്ച എംജി സർവകലാശാല പിജിയുടെ ഒന്നാം അലോട്മെന്റും യുജിയുടെ നാലാം അലോട്മെന്റും കോളജിൽ ഹാജരാകേണ്ട തീയതിയും നീട്ടിവച്ചു. പുതുക്കിയ തീയതിയും ഷെഡ്യൂളും പിന്നീടറിയിക്കും.