ജസ്ന കേസില്‍  പോലീസിനു  ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം 

Published On: 21 Jun 2018 10:30 AM GMT
ജസ്ന കേസില്‍  പോലീസിനു  ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം 

കൊച്ചി: കോട്ടയത്ത് നിന്ന് കാണാതായ ജസ്‌നയെ കണ്ടെത്താനുളള അന്വേഷണത്തിൽ പൊലീസിനെ അതിരൂക്ഷമായി വിമർശിച്ച് കേരള ഹൈക്കോടതി. കേസന്വേഷണത്തിന്റെ നില കേരള പൊലീസ് അറിയിച്ചപ്പോഴാണ് ഹൈക്കോടതിയുടെ വിമർശനം. “സൂചനയില്ലാതെ കാട്ടിലും കടലിലും തിരഞ്ഞാൽ ഒന്നും കിട്ടില്ല,” എന്നാണ് ഹൈക്കോടതി പറഞ്ഞത്. ജസ്‌ന എവിടെയുണ്ടെന്ന് കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

എന്നാൽ ചില നിർണായക വിവരങ്ങൾ ലഭിച്ചുവെന്നും സർക്കാർ അറിയിച്ചു. ജസ്നയുടെ ഫോണിലെ സന്ദേശങ്ങൾ സൈബർ വിദഗ്ധരുടെ സഹായത്തോടെ വീണ്ടെടുത്തു. മുണ്ടക്കയത്ത് നിർമാണം പുരോഗമിക്കുന്ന വീട്ടിൽ പൊലീസ് പരിശോധന നടത്തി. ജസ്നയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയതല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

കഴിഞ്ഞ മാർച്ച് 22ന് ജസ്നയെ കാണാതാകുന്നതിന് മുമ്പ് ജസ്നയുടെ ഫോണിൽ സ്വീകരിച്ചതും അയച്ചതുമായ വാട്സ് ആപ്പ്, എസ്എംഎസ്, ഫേസ് ബുക്ക് സന്ദേശങ്ങളാണ് സൈബർ സെൽ വിദഗ്ധർ വീണ്ടെടുത്തത്. ഫോൺ എടുക്കാതെയാണ് ജസ്ന വീട് വിട്ടിറങ്ങിയത്. ജസ്ന ആൺ സുഹൃത്തുമായി ആയിരത്തിലേറെ തവണ ഫോണിൽ സംസാരിച്ചതായി നേരത്തെ തെളിഞ്ഞിരുന്നു.

പൊലീസ് സ്ഥാപിച്ച വിവര ശേഖരണ പെട്ടിയിൽ നിന്ന് ലഭിച്ച വിവരത്തിന്റ അടിസ്ഥാനത്തിലാണ് മുണ്ടക്കയത്ത് നിർമാണം പുരോഗമിക്കുന്ന വീട് അന്വേഷണ സംഘം പരിശോധിച്ചത്. ജസ്നയുടെ പിതാവ് ജയിംസിന്റ ഉടമസ്ഥതയിലുള്ള ജെ ജെ കൺസ്ട്രക്ഷൻസാണ് ഇവിടെ നിർമാണ ചുമതല വഹിച്ചിരുന്നത്. എന്നാൽ ഇവിടെ നിന്നും യാതൊരു തെളിവും ലഭിച്ചില്ല. അന്വേഷണത്തിന്റെ ഭാഗമായ ദൈനംദിന പ്രവർത്തനങ്ങൾ മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്ന് പത്തനംതിട്ട എസ്‍പി ടി നാരായണൻ വ്യക്തമാക്കി.

പൊലീസ് ഊഹാപോഹങ്ങൾക്ക് പിന്നാലെ പോവുകയാണെന്നും കേസന്വേഷണം തൃപ്‌തികരമല്ലെന്നും ജസ്‌നയുടെ അച്‌ഛൻ ജയിംസ് പറഞ്ഞു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ജസ്‌നയുടെ സഹോദരന്റെ ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. അന്വേഷണം സിബിഐയെ ഏൽപ്പിക്കുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കാൻ സംസ്ഥാന സർക്കാരിനും സിബിഐക്കും നോട്ടീസ് അയക്കും.

Top Stories
Share it
Top