14 വര്‍ഷം ശിക്ഷ അനുഭവിക്കാതെ പുറത്തുപോയവര്‍ ബാക്കി ശിക്ഷാ കാലയളവ് കൂടി ജയിലില്‍ കഴിയേണ്ടി വരും.ഇതു സംബന്ധിച്ച വിവരങ്ങള്‍ ഗവര്‍ണര്‍ പുനഃപരിശോധിക്കണമെന്നും ആറു മാസത്തിനകം വിശദാംശങ്ങള്‍ നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

209 തടവുകാരെ മോചിപ്പിച്ച നടപടി ഹൈക്കോടതി റദ്ദാക്കി

Published On: 2019-01-11T19:09:40+05:30
209 തടവുകാരെ മോചിപ്പിച്ച നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ശിക്ഷാകാലാവധി പൂര്‍ത്തിയാകും മുമ്പ് 2011ല്‍ 209 തടവുകാരെ മോചിപ്പിച്ച ഇടതുസര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി ഫുള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. അന്ന് 10 വര്‍ഷം ശിക്ഷ അനുഭവിച്ചവരെയാണ് സര്‍ക്കാര്‍ വിട്ടയച്ചത്. 14 വര്‍ഷം ശിക്ഷ അനുഭവിക്കാതെ പുറത്തുപോയവര്‍ ബാക്കി ശിക്ഷാ കാലയളവ് കൂടി ജയിലില്‍ കഴിയേണ്ടി വരും.ഇതു സംബന്ധിച്ച വിവരങ്ങള്‍ ഗവര്‍ണര്‍ പുനഃപരിശോധിക്കണമെന്നും ആറു മാസത്തിനകം വിശദാംശങ്ങള്‍ നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

ഈയിടെ 36 തടവുകാരെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ മടക്കിയതിനു പിന്നാലെയാണു വിഷയം ഹൈക്കോടതിയില്‍ എത്തിയത്. സര്‍ക്കാരിന് ഇതിന് അധികാരമുണ്ടെന്നും 2011 ഫെബ്രുവരി രണ്ടിന് അന്നത്തെ സര്‍ക്കാര്‍ ഇത്തരത്തില്‍ തടവുകാരെ മോചിപ്പിച്ചിട്ടുണ്ടെന്നും അഡ്വക്കറ്റ് ജനറല്‍ സി.പി. സുധാകരപ്രസാദ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

10 വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കിയവരെയാണ് അന്നു വിട്ടയച്ചതെന്നും പട്ടികസഹിതം അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 14 വര്‍ഷത്തെ ശിക്ഷ അനുഭവിക്കേണ്ടവര്‍ ഇതില്‍ എത്ര പേരുണ്ടെന്ന് അറിയിക്കാന്‍ ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് ഈ കണക്കു വെളിപ്പെട്ടത്. കൊലപാതകക്കേസുകളില്‍ ഇരകളുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയും കോടതി സ്വമേധയാ എടുത്ത ഹര്‍ജിയും പരിഗണിച്ചാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ സുപ്രധാന വിധി. മഹാത്മാഗാന്ധിയുടെ 150-ാമത് ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനപ്രകാരമാണ് സംസ്ഥാന ജയില്‍വകുപ്പ് 209 ജയില്‍തടവുകാരെ വിട്ടയക്കാന്‍ തീരുമാനിച്ചത്. വിട്ടയക്കുന്നവരെ സംബന്ധിച്ച് അന്നുതന്നെ വിവാദമുയര്‍ന്നിരുന്നു.

ഇളവു ലഭിച്ചവരില്‍ പലരും 10 വര്‍ഷം ശിക്ഷ അനുഭവിച്ചിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 14 വര്‍ഷം ശിക്ഷ വിധിച്ചവരില്‍ ശിക്ഷ പൂര്‍ത്തിയാക്കിയത് വെറും അഞ്ചു പേരായിരുന്നു. 10 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയത് 100 പേരും. ഇങ്ങനെ 105 പേര്‍ മാത്രമാണ് 10 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെയാണ് ഉത്തരവ് പുനഃപരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. പരിശോധനക്ക് ശേഷം യോഗ്യതയില്ലെങ്കില്‍ ശിഷ്ട ശിക്ഷാ കാലയളവ് പൂര്‍ത്തിയാക്കേണ്ടി വരും.

പുനഃപരിശോധിക്കുമ്പോള്‍ ഇളവ് ലഭിച്ച് ജയിലില്‍ നിന്ന് പുറത്തിറങ്ങിയവരുടെ നിലവിലെ ജീവിതരീതികളും സ്വഭാവവും കണക്കിലെടുത്ത് ആവശ്യമെങ്കില്‍ വീണ്ടും ജയിലിലേക്ക് മടക്കി അയക്കണമെന്നാണ് ഹൈക്കോടതി വിധിയിലുള്ളത്. കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസിലെ പ്രതികള്‍ ഉള്‍പ്പെടെ 20 രാഷ്ട്രീയ തടവുകാരും വിട്ടയച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.

Top Stories
Share it
Top