സംസ്ഥാനത്ത് കൂടുതല്‍ ഐ എ എസ് പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കും: മുഖ്യമന്ത്രി

കണ്ണൂര്‍: സംസ്ഥാനത്ത് കൂടുതല്‍ ഐ.എ.എസ് പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകലാശാല തലത്തിലും സ്‌കൂളുകളിലും...

സംസ്ഥാനത്ത് കൂടുതല്‍ ഐ എ എസ് പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കും: മുഖ്യമന്ത്രി

കണ്ണൂര്‍: സംസ്ഥാനത്ത് കൂടുതല്‍ ഐ.എ.എസ് പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകലാശാല തലത്തിലും സ്‌കൂളുകളിലും സിവില്‍ സര്‍വീസ് മേഖലയ്ക്കാവശ്യമായ പരിശീലനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ സര്‍വകലാശാല പാലയാട് കാംപസില്‍ സിവില്‍ സര്‍വീസ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനവും സ്‌കൂള്‍ ഓഫ് ലൈഫ് സയന്‍സസ് ബ്ലോക്കിന്റെ ശിലാസ്ഥാപനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തികവും സാമൂഹികവുമായ പിന്നാക്കാവസ്ഥ കാരണം സിവില്‍ സര്‍വീസ് മോഹം സാക്ഷാല്‍ക്കരിക്കാനാവാത്ത സാഹചര്യം ആര്‍ക്കും ഉണ്ടാവരുതെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അങ്ങനെയുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായാണ് സിവില്‍ സര്‍വീസ് അക്കാദമിക്കു കീഴിലുള്ള കേന്ദ്രങ്ങളില്‍ പ്രവേശനം നല്‍കുന്നത്. പാലയാട് കാംപസിലെ ഇന്‍സ്റ്റിറ്റ്യൂട്ടും ആ മാതൃക പിന്തുടരണം.

അതിസമ്പന്നര്‍ക്കു മാത്രമേ സിവില്‍ സര്‍വീസ് രംഗത്ത് പ്രവേശനമുള്ളൂ എന്ന തോന്നല്‍ സമൂഹത്തിലുണ്ട്. ആ ധാരണ മാറ്റിയെടുക്കണം. സിവില്‍ സര്‍വീസ് അക്കാദമിയില്‍ പരിശീലനം നേടിയ ആയിരത്തോളം വിദ്യാര്‍ഥികള്‍ ഫൈനല്‍ പരീക്ഷയ്ക്കായി തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ഇത്തരം പരിശീലനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ നിരവധിയുണ്ടെങ്കിലും അവയുടെ നിലവാരത്തെ കുറിച്ച് രക്ഷിതാക്കള്‍ക്ക് വ്യക്തതയില്ല.

എന്നാല്‍ സര്‍വകലാശാല തന്നെ പരിശീലനകോഴ്സുകള്‍ നേരിട്ട് നടത്തുമ്പോള്‍ അതിന് വിശ്വാസ്യതയുണ്ടാവും. ബിരുദപഠനം നടക്കുന്ന സ്ഥലത്ത് തന്നെ ഐ.എ.എസ് പരിശീലന കേന്ദ്രമുണ്ടാവുന്നത് വിദ്യാര്‍ഥികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. സിവില്‍ സര്‍വീസ് തങ്ങള്‍ക്ക് അപ്രാപ്യമാണെന്ന ഭീതി പലര്‍ക്കുമുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് നേടാന്‍ കഴിയാത്തതായി ഒന്നുമില്ല എന്ന വിശ്വാസം അവരിലുണ്ടാക്കാന്‍ കഴിയണം. അറിവിനൊപ്പം ആത്മവിശ്വാസവും പകരുന്നതാവണം പരിശീലന കേന്ദ്രങ്ങള്‍.

സിവില്‍ സര്‍വീസ് രംഗത്തേക്ക് കടന്നുവരാനുദ്ദേശിക്കുന്നവര്‍ക്ക് വലിയ പ്രോല്‍സാഹനവും സഹായവുമായി പാലയാട് കാംപസിലെ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 40 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സപ്തംബറില്‍ ക്ലാസ് ആരംഭിക്കും. സ്മാര്‍ട്ട് ക്ലാസ് മുറികള്‍ ഉള്‍പ്പെടെയുള്ള ആധുനിക സജ്ജീകരണങ്ങള്‍ ഇവിടെ ഒരിക്കിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.

Read More >>