ഇടപ്പള്ളിയിലെ ജപ്തി നടപടി നിര്‍ത്തിവെക്കണം - ധനമന്ത്രി

തിരുവനന്തപുരം:ഇടപ്പള്ളിയില്‍ വീട്ടുകാരെ വഴിയാധാരമാക്കി വീട് ജപ്തി ചെയ്യാനുള്ള നടപടിയില്‍നിന്ന് ബാങ്ക് പിന്മാറണമെന്നും ജപ്തി നടപടികള്‍...

ഇടപ്പള്ളിയിലെ ജപ്തി നടപടി നിര്‍ത്തിവെക്കണം - ധനമന്ത്രി

തിരുവനന്തപുരം:ഇടപ്പള്ളിയില്‍ വീട്ടുകാരെ വഴിയാധാരമാക്കി വീട് ജപ്തി ചെയ്യാനുള്ള നടപടിയില്‍നിന്ന് ബാങ്ക് പിന്മാറണമെന്നും ജപ്തി നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നും ധനമന്ത്രി തോമസ് ഐസക്. ജപ്തിക്കിടയാക്കിയ കാര്യങ്ങളടക്കം സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ ബാങ്ക് തയ്യറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഒരു കുടുംബത്തെ തെരുവിലിറക്കിവിട്ടുള്ള ജപ്തി നടപടിയെ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല.

ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് വളരെ വ്യക്തമാണ്. അത്തരം നടപടികള്‍ ഒഴിവാക്കണമെന്ന് തന്നെയാണ് നേരത്തെയും പറഞ്ഞിട്ടുള്ളത്. വിജയ് മല്യയെ പോലെയുള്ളവര്‍ അനേകം കോടി രൂപ ലോണെടുത്ത് മുങ്ങുമ്പോള്‍ കാണിക്കാത്ത വികാരവും പരവേശവുമൊന്നും ഇക്കാര്യത്തില്‍ ബാങ്കുകള്‍ കാണിക്കേണ്ട കാര്യമില്ലെന്നും ഐസക് പറഞ്ഞു.

ഇടപ്പള്ളി മാനത്തുപാടത്ത് വീട്ടില്‍ പ്രീത ഷാജിയുടെ വീടും സ്ഥലവും ഏറ്റെടുക്കുന്ന വിഷയത്തിലാണ് ബാങ്കിനോട് ജപ്തി നടപടി നിര്‍ത്തി വെയ്ക്കാന്‍ ആവശ്യപ്പെട്ടത്. .ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്നതിന്റെ പേരില്‍ വീട് ജപ്തിയ്ക്കുള്ള നീക്കത്തെ തുടര്‍ന്ന് രാവിലെ സംഘര്‍ഷമുണ്ടായിരുന്നു. 9ന് രാവിലെ 8.30 ന് മുമ്പ് ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തിയാക്കാനായിരുന്നു കോടതി ഉത്തരവ്.

1994ല്‍ എച്ച്ഡിഎഫ്സി ബാങ്കില്‍ നിന്ന് സുഹൃത്തിന് രണ്ടുലക്ഷം രൂപ വായ്പയെടുക്കാന്‍ ജാമ്യം നിന്നതാണ് പ്രീതയുടെ ഭര്‍ത്താവ് ഷാജി. ഇപ്പോള്‍ രണ്ടുകോടി മുപ്പതുലക്ഷം രൂപ കുടിശികയായെന്നാണു ബാങ്കിന്റെ കണക്ക്. ഇതിന്റെ പേരില്‍ രണ്ടരക്കോടി രൂപ വില കണക്കാക്കുന്ന പ്രീതയുടെ കിടപ്പാടം 38 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ വിറ്റുവെന്ന് പറയുന്നു.ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ജപ്തി നടപടികള്‍. ഇതിനായി അഭിഭാഷക കമ്മീഷന്‍ തിങ്കളാഴ്ച രാവിലെ എത്തിയതോടെയാണ് സംഘര്‍ഷം ഉണ്ടായത്.

Read More >>