സി.പി.എം സ്മാരക മന്ദിരത്തിന് സ്ഥലം നല്‍കിയ ബ്രാഞ്ചു സെക്രട്ടറി വെട്ടില്‍

നാലുവര്‍ഷം മുമ്പ് തനിക്ക് തന്റെ ഏക സമ്പാദ്യമായിരുന്ന ചാലേങ്കാട് എം.എം.പി കനാലിനോട് ചേര്‍ന്ന രണ്ട് സെന്റ് സ്ഥലം അന്തരിച്ച സി.പി.എം നേതാവ് കൃഷ്ണന്‍ നായരുടെ പേരില്‍ സ്മാരകം നിര്‍മ്മിക്കുന്നതിനായി പാര്‍ട്ടി പറഞ്ഞ വിലക്ക് നല്‍കിയതായി മധു പറയുന്നു.

സി.പി.എം സ്മാരക മന്ദിരത്തിന്  സ്ഥലം നല്‍കിയ ബ്രാഞ്ചു സെക്രട്ടറി വെട്ടില്‍

ഇടുക്കി: സി.പി.എം നേതാവിന്റെ സ്മരണാര്‍ത്ഥം കെട്ടിടം നിര്‍മ്മിക്കാന്‍ സ്ഥലം വിട്ടു നല്‍കിയ പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറി വെട്ടില്‍. പണവും സ്ഥലവും നഷ്ടപ്പെട്ട ബ്രാഞ്ചു സെക്രട്ടറി പരാതിയുമായി രംഗത്ത്.

തൊടുപുഴ ഇടവെട്ടി ലോക്കല്‍ സെക്രട്ടറിക്കെതിരെയാണ് കുന്നുംപുറം ബ്രാഞ്ച് സെക്രട്ടറി കൂടിയായ കെ.എസ്. മധു പരാതി നല്‍കിയിരിക്കുന്നത്. തനിക്ക് നല്‍കേണ്ട പണം നാലുവര്‍ഷമായിട്ടും നല്‍കിയില്ലെന്നും കെട്ടിടം നിര്‍മ്മിച്ചില്ലെന്നും പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയ പരാതി ചൂണ്ടിക്കാണിക്കുന്നു. നാലുവര്‍ഷം മുമ്പ് തനിക്ക് തന്റെ ഏക സമ്പാദ്യമായിരുന്ന ചാലേങ്കാട് എം.എം.പി കനാലിനോട് ചേര്‍ന്ന രണ്ട് സെന്റ് സ്ഥലം അന്തരിച്ച സി.പി.എം നേതാവ് കൃഷ്ണന്‍ നായരുടെ പേരില്‍ സ്മാരകം നിര്‍മ്മിക്കുന്നതിനായി പാര്‍ട്ടി പറഞ്ഞ വിലക്ക് നല്‍കിയതായി മധു പറയുന്നു. ആറു മാസത്തിനകം പാര്‍ട്ടി ഓഫിസ് നിര്‍മ്മിച്ച് ഇതിലെ ഒരു മുറിയോ അല്ലെങ്കില്‍ 1,75,000 രൂപയോ നല്‍കാമെന്നായിരുന്നു കരാര്‍. സ്ഥലം ആധാരം ചെയ്തപ്പോള്‍ നല്‍കിയ തുകക്ക് പുറമെയായിരുന്നു ഈ കരാര്‍. പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ പേരിലായിരുന്നു സ്ഥലം ആധാരം ചെയ്തിരുന്നത്. നാലുവര്‍ഷം മുമ്പ് ഇന്നത്തെ വൈദ്യുതി മന്ത്രി എം.എം. മണി കെട്ടിട നിര്‍മാണത്തിന് തറക്കല്ലിട്ടെങ്കിലും കെട്ടിടം പണി പൂര്‍ത്തീകരിക്കാന്‍ ലോക്കല്‍ സെക്രട്ടറി കണ്‍വീനറായ നിര്‍മ്മാണ കമ്മിറ്റിക്ക് കഴിഞ്ഞിട്ടില്ല. നിര്‍മ്മാണത്തിന് വേണ്ടി പാര്‍ട്ടി അംഗങ്ങള്‍ കൂടാതെ ബഹുജനങ്ങളില്‍ നിന്നും വന്‍തുക പിരിച്ചെടുത്തുവെന്നും ഇതിന്റെ കണക്ക് പോലും അവതരിപ്പിച്ചിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.

വിഭാഗീയത രൂക്ഷമായ ഇടവെട്ടി ലോക്കല്‍ കമ്മിറ്റിയില്‍ അടുത്തിടെയാണ് അഞ്ച് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ സ്ഥാനമാനങ്ങള്‍ രാജിവെച്ചത്. ലോക്കല്‍ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണം ഉയര്‍ത്തിയാണ് ഇവര്‍ രാജിവെച്ചത്. ഈ മേഖലയിലെ 60 ഓളം പാര്‍ട്ടി അംഗങ്ങള്‍ മെമ്പര്‍ഷിപ്പ് പുതുക്കാതെ പ്രതിഷേധം ഉയര്‍ത്താന്‍ ഒരുങ്ങുന്നതായും സൂചനയുണ്ട്

Read More >>