ഇടുക്കിയിൽ റോഡപകടങ്ങള്‍ തുടര്‍ക്കഥ; നാലുമാസത്തിനിടെ പൊലിഞ്ഞത് 38 ജീവനുകള്‍ 

തൊടുപുഴ: അശ്രദ്ധമായ ഡ്രൈവിംഗും അമിതവേഗതയും മൂലം ഇടുക്കിയിലെ നിരത്തുകളില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു. നാലുമാസത്തിനിടെ ജില്ലയില്‍ 38 ജീവനുകളാണ്...

ഇടുക്കിയിൽ റോഡപകടങ്ങള്‍ തുടര്‍ക്കഥ; നാലുമാസത്തിനിടെ പൊലിഞ്ഞത് 38 ജീവനുകള്‍ 

തൊടുപുഴ: അശ്രദ്ധമായ ഡ്രൈവിംഗും അമിതവേഗതയും മൂലം ഇടുക്കിയിലെ നിരത്തുകളില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു. നാലുമാസത്തിനിടെ ജില്ലയില്‍ 38 ജീവനുകളാണ് റോഡപകടങ്ങളില്‍ പൊലിഞ്ഞത്. 551 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഈ കാലയളവില്‍ ആകെ 425 റോഡപകടങ്ങളുണ്ടായതായാണ് പൊലീസിന്റെ കണക്ക്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ജില്ലയില്‍ വാഹനാപകടങ്ങളുടെ എണ്ണം വര്‍ധിച്ചതായാണ്

കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ജില്ലയില്‍ 383 റോഡപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 31 അപകടങ്ങളിലായി 33 പേര്‍ മരിച്ചു. 423 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത അപകടങ്ങളും അനവധിയുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി അപകടങ്ങളാണ് ജില്ലയില്‍ നടന്നത്. ഇരുചക്രവാഹനങ്ങളാണ് ജില്ലയില്‍ അപകടത്തില്‍പ്പെടുന്നതില്‍ കൂടുതലെന്ന് മോട്ടോര്‍ വാഹന വകുപ്പധികൃതര്‍ പറയുന്നു.

ഇടുക്കിയുടെ ഭൂ പ്രകൃതിയുടെ പ്രത്യേകതയും അപകട സാധ്യത കൂട്ടുന്നു. കുത്തനെയുള്ള കയറ്റിറക്കങ്ങളും കൊടും വളവുകളും നിറഞ്ഞ റോഡുകളില്‍ അപകടങ്ങള്‍ പതിയിരിക്കുന്ന ഒട്ടേറെയിടങ്ങളുണ്ട്. റോഡുകള്‍ക്ക് ആവശ്യമായ വീതിയോ വശങ്ങളില്‍ സംരക്ഷണ ഭിത്തികളോ ഇല്ല. അപകടസാധ്യതയേറിയ മേഖലകളില്‍പ്പോലും വേണ്ടത്ര അപകടസൂചനാ ബോര്‍ഡുകളും മറ്റും ഇനിയും സ്ഥാപിച്ചിട്ടുമില്ല.

ഹൈറേഞ്ച് മേഖലകളിലുള്‍പ്പെടെ പലയിടത്തും റോഡ് തകര്‍ന്ന് കുണ്ടും കുഴിയുമായി കിടക്കുകയാണ്. റോഡിലെ ഇത്തരത്തിലുള്ള വന്‍ കുഴികളില്‍ ചാടാതിരിക്കാന്‍ വാഹനങ്ങള്‍ വെട്ടിക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങളും കുറവല്ല. ചിലയിടങ്ങളില്‍ കാഴ്ച മറയ്ക്കും വിധം റോഡിലേയ്ക്ക് കാടും മരച്ചില്ലകളും മറ്റും വളര്‍ന്നു നില്‍ക്കുന്നതും അപകടസാധ്യത വര്‍ധിപ്പിക്കുന്നു.

റോഡുകളുടെ അശാസ്ത്രീയ നിര്‍മാണവും അപകടങ്ങള്‍ക്കു വഴിതെളിക്കുന്നതായി ആരോപണമുണ്ട്. റോഡപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും തടയുന്നതിന്റെ ഭാഗമായി പരിശോധനകളും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കാന്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതായി മോട്ടോര്‍ വാഹന വകുപ്പും ട്രാഫിക് പൊലീസും അറിയിച്ചു.

Read More >>