ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തിരയോഗം ചേര്‍ന്നു

Published On: 27 July 2018 3:30 PM GMT
ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തിരയോഗം ചേര്‍ന്നു

ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തിരയോഗം ചേര്‍ന്നു. ഡാമിലെ വെള്ളം തുറന്നു വിടേണ്ടി വന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ വിലയിരുത്തുന്നതിനാണ് യോഗം. റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍, ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് തുടങ്ങിയവര്‍ യോഗത്തില്‍ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തി.

വെള്ളിയാഴ്ച വൈകുന്നേരത്തെ കണക്കു പ്രകാരം ഇടുക്കി അണക്കെട്ടില്‍ 2392 അടി വെള്ളമുണ്ട്. റിസര്‍വോയറില്‍ സംഭരിക്കാവുന്നത് 2403 അടി വെള്ളമാണ്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സംഭരണിയിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിനാലാണ് ഡാമിലെ വെള്ളം തുറന്നുവിടുന്നതിനെക്കുറിച്ച ആലോചിക്കുന്നത്. വെള്ളം തുറന്നു വിടുകയാണെങ്കില്‍ എത്രപേരെ ബാധിക്കുമെന്നും വെള്ളം ഒഴുകിപോകുന്ന ചാലുകളുടെ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനായി യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍വ്വെ നടത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്.

റവന്യൂ, ജലവിഭവ വകുപ്പ്, കെ.എസ്.ഇ.ബി, എന്നീ വകുപ്പുകളാണ് സര്‍വെ നടത്തുക. വെള്ളം ഒഴുകിപ്പോകുന്ന പുഴയുടെ ഇരു വശങ്ങളിലും 100 മീറ്ററിനുളളിലുളള കെട്ടിടങ്ങളെ സംബന്ധിച്ച വിവരം ദുരന്തനിവാരണ അതോറിറ്റി അതിസൂക്ഷ്മ ഉപഗ്രഹചിത്രങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ കെട്ടിടങ്ങളില്‍ താമസിക്കുന്നവരെക്കുറിച്ചുളള വിവരങ്ങള്‍ അടിയന്തരമായി ശേഖരിക്കാനാണ് ഉദ്ദേശിക്കുന്നത്. ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ ഇടുക്കി, എറണാകുളം കലക്ടര്‍മാരോട് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

1992ല്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഡാമിലെ വെള്ളം തുറന്നുവിട്ടിരുന്നു. അതിനുശേഷം ആദ്യമായാണ് ജലനിരപ്പ് ഇത്രയും ഉയരുന്നത്. റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാള്‍, വൈദ്യുതി ബോര്‍ഡ് സിഎംഡി എന്‍.എസ്. പിള്ള, ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Top Stories
Share it
Top