ഇടുക്കി അണക്കെട്ടിലെ വെള്ളം ഒറ്റയടിക്ക് തുറന്നുവിടില്ല- മന്ത്രി എംഎം-മണി

Published On: 2018-07-31T12:45:00+05:30
ഇടുക്കി അണക്കെട്ടിലെ വെള്ളം ഒറ്റയടിക്ക് തുറന്നുവിടില്ല- മന്ത്രി എംഎം-മണി

തിരുവനന്തപുരം: ഇടുക്കി അണക്കെട്ടിലെ വെള്ളം ഒറ്റയടിക്ക് തുറന്നു വിടില്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ഘട്ടം ഘട്ടമായി ജനങ്ങള്‍ക്ക് പ്രശ്‌നമുണ്ടാകാത്ത വിധത്തിലാണ് വെള്ളം തുറന്നുവിടുക. എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ജല നിരപ്പ് 2397 -2398 അടിയിലെത്തുന്ന ഘട്ടത്തില്‍ ഷട്ടറുകള്‍ തുറക്കും. 2396 അടിയിലെത്തുമ്പോള്‍ അടുത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കും. എല്ലാ വിധത്തിലുമുള്ള മുന്നറിയിപ്പുകള്‍ നല്‍കുകയും മേഖലയില്‍ ദ്രുതകര്‍മസേനയെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. ഒറ്റയടിക്ക് അണക്കെട്ടു തുറക്കുന്നത് വലിയദുരന്തത്തിനു വഴിവയ്ക്കും.

ദുരന്തം ഒഴിവാക്കാന്‍ സാധിക്കുന്ന വിധത്തിലാണ് അണക്കെട്ടിലെ വെള്ളം തുറന്നുവിടുന്നത്. എറണാകുളം, ഇടുക്കി ജില്ലയിലെ ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിലാവണം കാര്യങ്ങള്‍ നടപ്പാക്കേണ്ടതെന്ന് നിര്‍ദേശം കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top Stories
Share it
Top