ഇടുക്കിയിൽ ജലനിരപ്പ്‌ ഉയരുന്നു ; ജാഗ്രതാ നിർദ്ദേശം

ചെറുതോണി: ഇടുക്കി ഡാമിനടുത്തുള്ള പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ ഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 2395.30 അടിയാണ്...

ഇടുക്കിയിൽ ജലനിരപ്പ്‌ ഉയരുന്നു ; ജാഗ്രതാ നിർദ്ദേശം

ചെറുതോണി: ഇടുക്കി ഡാമിനടുത്തുള്ള പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ ഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 2395.30 അടിയാണ് ചൊവ്വാഴ്ച രാവിലെ രേഖപ്പെടുത്തിയ ജലനിരപ്പ്. ഡാമിന്റെ പരമാവധി സംഭരണ ശേഷിയായ 2403 അടിയിലെത്താന്‍ ഇനി എട്ടടിയോളം മതി. വൃഷ്ടിപ്രദേശത്ത് മഴ താരതമ്യേന മഴ കുറവായതിനാൽ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ജലനിരപ്പ് ഉയരുന്നത് സാവധാനത്തിലാണ്.

തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ ജലനിരപ്പ് 2395 അടിയിലെത്തിയതിനെ തുടര്‍ന്നാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ക്രമപ്രകാരം ജലനിരപ്പ് 2399 അടി ആകുമ്പോള്‍ മൂന്നാമത്തെ മുന്നറിയിപ്പ് നല്‍കേണ്ടതാണ്. അടിയന്തര സാഹചര്യമുണ്ടായാല്‍ 2397 അടിക്കോ അതിനും മുമ്പോ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് ഷട്ടര്‍ തുറക്കാനും സാധ്യതയുണ്ട്.

എന്നാല്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാം നിയന്ത്രണവിധേയമാണെന്നും അധികൃതര്‍ അറിയിച്ചു. ജലനിരപ്പ് 2397 അടിയിലെത്തിയാല്‍ 24 മണിക്കൂറിനകം തുറന്നുവിടാന്‍ വൈദ്യുതി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഡാം തുറക്കുന്നതിന്റെ ട്രയല്‍ റണ്‍ ഇന്ന് നടക്കും. ഡാമിന്റെ ഷട്ടറുകള്‍ 40 സെന്റീമിറ്റര്‍ ഉയര്‍ത്തിയാണ് ട്രയല്‍ റണ്‍. പരീക്ഷണ തുറക്കലില്‍ ഏതൊക്കെ മേഖലകളിലേക്ക് വെള്ളം എത്താനുള്ള സാധ്യതകളുണ്ടെന്ന് പരിശോധിക്കും. അതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സുരക്ഷാക്രമീകരണങ്ങള്‍ സ്വീകരിക്കും.

അതേസമയം ഇടുക്കിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡാമിന് താഴെയുള്ളവര്‍ക്കും പെരിയാറിന്റെ തീരത്തുള്ളവര്‍ക്കു ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വെളളം തുറന്നുവിട്ടാല്‍ ചെറുതോണിയാറിന്റെ ഇരുകരകളിലുള്ളവര്‍ക്കും പെരിയാറിന്റെ തീരത്തു കരിമണല്‍ വൈദ്യുതി നിലയം വരെയുളള ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്കും നാശനഷ്ടങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തല്‍. കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശവാസികളോട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാനും ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.