ഇടുക്കി അണക്കെട്ടിൻെറ മുഴുവൻ ഷട്ടറുകളും തുറന്നു; കനത്ത ജാ​ഗ്രതാ നിർദ്ദേശം

Published On: 2018-08-10T11:45:00+05:30
ഇടുക്കി അണക്കെട്ടിൻെറ മുഴുവൻ ഷട്ടറുകളും തുറന്നു; കനത്ത ജാ​ഗ്രതാ നിർദ്ദേശം

ചെറുതോണി: വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ചെറുതോണി അണക്കെട്ടിന്‍റെ അഞ്ചു ഷട്ടറുകളും തുറന്നു. മൂന്നു ഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് കുറയാതായതോടെയാണ് നാലും അഞ്ചും ഷട്ടറുകളും തുറന്നത്. മൂന്നു ഷട്ടറുകൾ ഒരു മീറ്റർ വീതവും രണ്ടെണ്ണം 50 സെന്റിമീറ്ററുമാണ് ഉയർത്തിയിരിക്കുന്നത്. ഇതോടെ സെക്കൻഡിൽ 4,00,000 ലക്ഷം ലീറ്റർ (400 ക്യുമെക്സ്) വെള്ളം പുറത്തേക്കുപോകും.

ഇടുക്കി ഡാമിന്‍റെ അഞ്ച് ഷട്ടറുകളും തുറന്നതോടെ അടിയന്തരസാഹചര്യം നേരിടാന്‍ എറണാകുളം ജില്ലയില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. പെരിയാറില്‍ ജലനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് 6500 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കും. ദുരന്തനിവാരണ സേനയുടെ നാല് സംഘങ്ങളെ എറണാകുളത്ത് വിന്യസിക്കും. നിലവില്‍ പത്ത് സംഘങ്ങള്‍ സംസ്ഥാനത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

ഇടുക്കിയിൽ നിന്നും കൂടുതൽ വെള്ളം ഒഴുക്കി വിടുമ്പോൾ ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി വെള്ളം നിയന്ത്രിക്കാനും സാധ്യതയുണ്ട്. നിലവില്‍ പെരിയാര്‍ രണ്ടായി പിരിയുന്ന ആലുവാ മണപ്പുറം വെള്ളത്തിനടിയിലാണ്. അങ്കമാലി കാലടി തുടങ്ങിയ ജനവാസ മേഖലകളിലും ജലനിരപ്പ് ഉയരുന്നുണ്ട്. പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ട്രയൽ റണ്ണിനു ശേഷവും ജലനിരപ്പ്​ ഉയർന്ന സാഹചര്യത്തിലാണ് രാവിലെ രണ്ട് ഷട്ടറുകൾ തുറന്നത്. ഇവ 40 സെന്റീ മിറ്റർ വീതമാണ്​ ഉയർത്തിയത്​. നിലവിൽ 2401.34 അടി വെള്ളമാണ്​ ഡാമിലുള്ളത്​. 2403 അടിയാണ്​ പരമാവധി സംഭരണ ശേഷി. കഴിഞ്ഞ വർഷം ഇതേ ദിവസം 2328.08 അടിയായിരുന്നു വെള്ളം. പ്രദേശത്ത്​ 129.80 മില്ലീമീറ്റർ മഴ ​പെയ്​തിട്ടുണ്ട്​. വൃഷ്​ടി പ്രദേശത്ത്​ മഴ ശക്​തമായി തുടരുകയാണ്​.

Top Stories
Share it
Top