ഇടുക്കി അണക്കെട്ടിൽ ജലനിപ്പ് കുറയുന്നു; മഴ തുടരും

Published On: 11 Aug 2018 5:15 AM GMT
ഇടുക്കി അണക്കെട്ടിൽ ജലനിപ്പ് കുറയുന്നു; മഴ തുടരും

തിരുവനന്തപുരം: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്. രാവിലെ 2401.10 അടിയായിരുന്ന ജലനിരപ്പ് നിലവില്‍ 2401 അടിയാണ്. അണക്കെട്ടിൻെറ വൃഷ്ടിപ്രദേശത്ത് മഴകുറഞ്ഞതാണ് ജലനിരപ്പ് കുറയാന്‍ സഹായകമായത്. ഷട്ടർ തുറന്നതിന് ശേഷം ആദ്യമായാണ് ജലനിരപ്പ് കുറയുന്നത്. അതേസമയം ജലനിരപ്പ് 2400 അടി ആകുന്നത് വരെ ഷട്ടറുകൾ താഴ്ത്തില്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി പറഞ്ഞു. ഷട്ടറുകള്‍ താഴ്ത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും പലയിടത്തും മഴ തുടരുന്നതിനാല്‍ ഷട്ടറുകള്‍ അടയ്ക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പെരിയാറിന്‍റെ തീരത്തുള്ളവർ അതീവ ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭൂതത്താൻകെട്ടിലും ജലനിരപ്പ് കുറയുന്നുണ്ട്. കക്കി ഡാമിൽ ജലനിരപ്പ് കുറഞ്ഞതിനാല്‍ തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചു. പമ്പ ഡാമിലെ ഷട്ടറുകളിൽ രണ്ടെണ്ണം അടച്ചു. രണ്ടടി വരെ തുറന്ന ഷട്ടറുകൾ കാൽ അടിയായി കുറച്ചിട്ടുണ്ട്. ജലനിരപ്പ് കുറഞ്ഞതോടെ ആനത്തോട് ഡാമിന്റെ ഷട്ടർ ഒരടി തുറന്നിരുന്നത് അര അടിയാക്കി കുറച്ചു.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പി​​​​​ൻെറ പശ്​ചാത്തലത്തിൽ വയനാട്​ ആഗസ്റ്റ് 14 വരെയും ഇടുക്കിയിൽ ആഗസ്റ്റ് 13 വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ആഗസ്റ്റ് 11 വരെ റെഡ്​ അലെർട്ട്​ പ്രഖ്യാപിച്ചിരിക്കുകയാണ്​. മലയോരമേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന്​ ദുരന്ത നിവാരണ സേന മുന്നറിയിപ്പ്​ നൽകി. മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ 29 പേരാണ് മരിച്ചത്. വിവിധ ജില്ലകളിലായി 50000 ത്തോളം പേരെ സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

Top Stories
Share it
Top