ചികിത്സാചെലവിന് അവയവം മുറിച്ചുമാറ്റിയെന്ന പരാതി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി

Published On: 24 May 2018 3:30 PM GMT
ചികിത്സാചെലവിന് അവയവം മുറിച്ചുമാറ്റിയെന്ന പരാതി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പാലക്കാട് മീനാക്ഷിപുരം സ്വദേശിയായ യുവാവിന്‍റെ ആന്തരിക അവയവങ്ങള്‍ സേലത്തെ സ്വകാര്യ ആശുപത്രിക്കാര്‍ എടുത്തുമാറ്റിയെന്ന ബന്ധുക്കളുടെ പരാതിയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന മറ്റു മൂന്നു പേര്‍ക്ക് വിദഗ്ധ വൈദ്യസഹായം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

ചെന്നൈയില്‍ നിന്ന് റോഡ് വഴി മീനാക്ഷിപുരത്തേക്ക് തിരിച്ചുവരുമ്പോള്‍ കള്ളിക്കുറിശ്ശിയിലാണ് അപകടമുണ്ടായത്. സാരമായി പരിക്കേറ്റ ഡ്രൈവറടക്കം ഏഴുപേരെ തൊട്ടടുത്ത ഗവണ്‍മെന്‍റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് അവരെ വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി 120 കി.മീറ്റര്‍ അകലെ വിനായക സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരില്‍ ഒരാളായ മണികണ്ഠന് മസ്തിഷ്ക മരണം സംഭവിച്ചതായി മെയ് 22-ന് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചു. അതിന് ശേഷം മണികണ്ഠനെ വെന്‍റിലേറ്ററിലേക്ക് മാറ്റി.

മൂന്നുലക്ഷം രൂപയാണ് ചികിത്സാ ചെലവായി ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടത്. മൃതദേഹം മീനാക്ഷിപുരത്ത് എത്തിക്കാന്‍ 25,000 വേറെയും ആവശ്യപ്പെട്ടു. ബന്ധുക്കളുടെ കയ്യില്‍ പണമില്ലാത്തതുകൊണ്ട് അവരെക്കൊണ്ട് ചില കടലാസുകളില്‍ ഒപ്പിടുവിച്ച് വാങ്ങി അവയവങ്ങള്‍ നീക്കം ചെയ്തു എന്നുമാണ് പരാതി. അതിന് ശേഷമാണ് മൃതദേഹം വിട്ടുകൊടുത്തത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടോ മറ്റു രേഖകളോ ബന്ധുക്കള്‍ക്ക് നല്‍കിയില്ല. വൈദ്യശാസ്ത്ര ധര്‍മങ്ങള്‍ക്ക് നിരക്കാത്തതും ക്രൂരവുമായ ഈ നടപടിയെപ്പറ്റി അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Top Stories
Share it
Top