പൊലീസ് സാധാരണക്കാരോട് കാണിക്കുന്ന ധാർഷ്ട്യം അഴിമതി മറയ്ക്കാനെന്ന് ജേക്കബ് പുന്നൂസ്

തിരുവനന്തപുരം: കേരള പൊലീസ് സേനയ്ക്കെതിരെ നിശിത വിമർശനവുമായി മുൻ ഡിജിപി ജേക്കബ് പുന്നൂസ്. പൊലീസുകാർ ധാർഷ്ട്യം കാണിക്കുന്നത് അഴിമതി മറയ്ക്കാനാണെന്ന്...

പൊലീസ് സാധാരണക്കാരോട് കാണിക്കുന്ന ധാർഷ്ട്യം അഴിമതി മറയ്ക്കാനെന്ന് ജേക്കബ് പുന്നൂസ്

തിരുവനന്തപുരം: കേരള പൊലീസ് സേനയ്ക്കെതിരെ നിശിത വിമർശനവുമായി മുൻ ഡിജിപി ജേക്കബ് പുന്നൂസ്. പൊലീസുകാർ ധാർഷ്ട്യം കാണിക്കുന്നത് അഴിമതി മറയ്ക്കാനാണെന്ന് ജേക്കബ് പുന്നൂസ് തിരുവനന്തപുരത്ത് പറഞ്ഞു. പണ്ട് ധാര്‍ഷ്ട്യമായിരുന്നു പൊലീസിന്റെ മുഖമുദ്ര. ഏമാനേ എന്നു വിളിക്കാതെ ആര്‍ക്കും സ്റ്റേഷനില്‍ കയറാന്‍ കഴിയുമായിരുന്നില്ല. താന്‍ ഏമാനാണെന്ന ചിന്ത ഇപ്പോഴും ചില ഉദ്യോഗസ്ഥര്‍ക്കുണ്ട്. ജനങ്ങളാണ് ഏമാന്‍ എന്ന ചിന്ത വേണം. പൊലീസ് ഈ ധാര്‍ഷ്ട്യമെല്ലാം കാണിക്കുന്നത് ക്രിമിനലുകളോടല്ല, സാധാരണക്കാരോടാണെന്ന് ഓര്‍ക്കണം. ഏമാന്‍ യുഗത്തിലേക്കു പോകാന്‍ ആഗ്രഹിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുണ്ട്. അവരെ വച്ചു പൊറുപ്പിക്കരുതെന്നും ജേക്കബ് പുന്നൂസ് പറഞ്ഞു.

നിയമം നടപ്പിലാക്കുന്ന രീതിയും, നടപടിക്രമങ്ങളും പല പൊലീസുകാരും വിസ്മരിക്കുന്നുണ്ട്. ജനങ്ങളോടുള്ള ധാര്‍ഷ്ട്യം പല പൊലീസുകാരിലും കാണുന്നുണ്ട്. അത് പൊതുസ്വഭാവമായി മാറിയിട്ടുണ്ട്. അഴിമതിയും കാണുന്നുണ്ട്. ധാര്‍ഷ്ട്യം കാണിക്കുന്നത് അഴിമതി മറയ്ക്കാനാണ്. അല്ലാത്തവര്‍ക്കു ധാര്‍ഷ്ട്യം കാണിക്കേണ്ട ആവശ്യമില്ല. ധാര്‍ഷ്ട്യം കാണിക്കുമ്പോള്‍ സാമ്പത്തിക മേന്‍മയും ഉണ്ടാകാം. കാര്യം സാധിക്കാനും കേസ് കൊടുക്കാനുമൊക്കെ ജനങ്ങള്‍ സമീപിക്കുമ്പോള്‍ പൊലീസുകാരന്‍ ധാര്‍ഷ്ട്യം കാണിച്ചാല്‍, കാര്യം നടന്നു കഴിഞ്ഞാല്‍ പരാതിക്കാരന്‍ എന്തെങ്കിലും കൊടുക്കും. അതിനാണു ധാര്‍ഷ്ട്യം കാണിക്കുന്നതെന്നും ജേക്കബ് പുന്നൂസ് പറഞ്ഞു.

പാവപ്പെട്ടവരോടും സ്ത്രീകളോടും ധാര്‍ഷ്ട്യം കാണിക്കുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടണം. ഇതിനു പൊലീസ് ആക്ടില്‍ ചട്ടങ്ങളുണ്ട്. ആക്ടിലെ 86സിയില്‍ ഇതാണു പറയുന്നത്. ഇതൊന്നും ചെയ്യാതെ ആധുനിക പൊലീസ് സേന രൂപീകരിക്കാനാകില്ല. നിമയത്തിന് വിധേയരാണെന്ന ബോധം ഓരോ പൊലീസുകാരനും ഉണ്ടാകണം. തന്‍പ്രമാണിത്തവും വ്യക്തിപരമായ ഇഷ്ടവും അനുസരിച്ചല്ല പൊലീസുകാര്‍ പ്രവര്‍ത്തിക്കേണ്ടത്. നിയമം നിയമമായി നടപ്പിലാക്കണം. ഒരു പെണ്‍കുട്ടി സ്റ്റേഷനില്‍വന്നാലും ഒരു കുറ്റവാളി പിടിക്കപ്പെട്ടാലും നിയമം നിയമത്തിനനുസരിച്ചു പോകണം. നിയമത്തെ അനുസരിക്കാത്ത പൊലീസുകാരെ പിരിച്ചുവിടണമെന്നും ജേക്കബ് പുന്നൂസ് പറഞ്ഞു.

നാല്, അഞ്ച് വര്‍ഷമായി പൊലീസിന്റെ പെരുമാറ്റത്തില്‍ അപാകതകള്‍ വന്നിട്ടുണ്ട്. അതു തിരുത്തപ്പെടണം. ജോലിഭാരം ഉള്ളതുകൊണ്ടാണ് ദേഷ്യപ്പെടുന്നതെന്ന വാദം തെറ്റാണ്. ജോലി കൂടുതലുള്ള പൊലീസുകാര്‍ ആരെയും തെറി വിളിക്കില്ല. ജോലിഭാരം കൂടുതലുണ്ടെങ്കില്‍ ക്ഷീണമുണ്ടാകാം. പക്ഷേ ദേഷ്യമുണ്ടാകുന്നതെങ്ങനെയാണ്? ജോലിഭാരം, സമ്മര്‍ദം തുടങ്ങിയവയൊന്നും ധാര്‍ഷ്ട്യം കാണിക്കാനുള്ള ന്യായീകരണമല്ല. ധാര്‍ഷ്ട്യം കാണിക്കുന്നവരെ സേനയില്‍നിന്ന് പുറത്താക്കണം. പൊലീസിന്റെ പരിശീലനം കാലോചിതമായി പരിഷ്കരിച്ചിട്ടുണ്ട്. എന്നാല്‍ നിരന്തരമായ പരിഷ്കാരങ്ങള്‍ കൊണ്ടുവരണം. തുടര്‍ച്ചയായി പുതുക്കണം. എങ്കിലേ പൊലീസിന്റെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ വരൂ എന്നും ജേക്കബ് പുന്നൂസ് പറഞ്ഞു.

Story by
Read More >>