ജെസ്‌നയുടെ തിരോധാനം: വിവരശേഖരണ പെട്ടിയില്‍ നിര്‍ണായക സൂചനയെന്ന് പോലീസ്

Published On: 19 Jun 2018 9:00 AM GMT
ജെസ്‌നയുടെ തിരോധാനം: വിവരശേഖരണ പെട്ടിയില്‍ നിര്‍ണായക സൂചനയെന്ന് പോലീസ്

പത്തനംതിട്ട: എരുമേലിയല്‍ നിന്ന് കാണാതായ ഡിഗ്രി വിദ്യാര്‍ത്ഥിനി ജസ്‌ന മരിയ തോമസിനെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ വിവിധ സ്ഥലങ്ങളില്‍ പോലീസ് സ്ഥാപിച്ച പെട്ടിയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. ജെസ്‌ന പഠിച്ച കോളേജിന് സമീപത്തും, മുക്കൂട്ടുതറയിലും ഉള്‍പ്പെടെ മൂന്ന് ജില്ലകളിലായി 12 സ്ഥലങ്ങളില്‍ സ്ഥാപിച്ച പെട്ടിയില്‍നിന്ന് 50 ലധികം കത്തുകളാണ് പൊലീസിന് ലഭിച്ചത്.

ഇവ പരിശോധിച്ച് പൊലീസ് നടപടികള്‍ കൈക്കൊണ്ട് വരികയാണ്. പെട്ടി സ്ഥാപിച്ചതിനോട് ജനങ്ങള്‍ പോസിറ്റീവായി പ്രതികരിച്ചതിനാല്‍ വീണ്ടും യഥാസ്ഥലത്ത് അവ സ്ഥാപിക്കുമെന്ന് ജില്ലാ പൊലീസ് ചീഫ് ടി നാരായണന്‍ പറഞ്ഞു.

ചെന്നൈ, ബംഗളൂരു, ഗോവ, പൂണെ എന്നിവിടങ്ങളില്‍ പൊലീസ് ഇതിനകം വ്യാപക തെരച്ചില്‍ നടത്തി. തിരുവല്ല എസ്‌ഐ വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് വിവിധ സ്ഥലങ്ങളിലെ പ്രാദേശിക പൊലീസിന്റെ സഹായത്തോടെ തെരച്ചില്‍ നടത്തിയത്.

ജെസ്‌നയെ കണ്ടെന്ന വിവിധ ഫോണ്‍ സന്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി വിവിധ മലയാളി അസോസിയേഷനുകളുമായി ബന്ധപ്പെട്ട് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ജെസ്‌നയെ കണ്ടെത്താന്‍ സഹായിക്കുന്ന വിവിധ പോസ്റ്ററുകളും ലഘുലേഖകളും അന്വേഷണസംഘം വിതരണം ചെയ്യുകയും തിരക്കുള്ള സ്ഥലങ്ങളില്‍ പോസ്റ്റര്‍ പതിക്കുകയും ചെയ്തു. ജെസ്‌നയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് നേരത്തെ പൊലീസ് അഞ്ച് ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു.

Top Stories
Share it
Top