ജെസ്‌നയുടെ തിരോധാനം; തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍

കൊച്ചി: ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ. ജെസ്‌നയെ കണ്ടെത്താന്‍...

ജെസ്‌നയുടെ തിരോധാനം; തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍

കൊച്ചി: ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ. ജെസ്‌നയെ കണ്ടെത്താന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഉയര്‍ന്നുവന്ന എല്ലാ ആരോപണങ്ങളെക്കുറിച്ചും അന്വേഷിച്ചെങ്കിലും സഹായകമാകുന്ന തരത്തിലുള്ള ഒരു തെളിവും ലഭിച്ചില്ലെന്ന് തിരുവല്ല ഡിവൈഎസ്പി ചന്ദ്രശേഖരപിള്ള സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

ജെസ്‌നയെ കണ്ടുവെന്ന് സന്ദേശങ്ങള്‍ ലഭിച്ച സ്ഥലങ്ങളിലെല്ലാം പോയി അന്വേഷണം നടത്തി. എന്നാല്‍,ഒരിടത്തു പോലും കണ്ടത് ജെസ്‌നയെയാണെന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. ജെസ്‌നയുടെ പിതാവ് നിര്‍മ്മിക്കുന്ന വീട്ടില്‍ പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. വീട്ടുകാര്‍ക്കെതിരായ ആരോപണങ്ങളിലും അന്വേഷണം നടത്തിയെങ്കിലും ഇത് ശരിയാണെന്ന തരത്തിലുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

കേസുമായി ബന്ധപ്പെട്ട് ഇതുവരെ 250 പേരെ ചോദ്യം ചെയ്തു. 120 പേരുടെ മൊഴി രേഖപ്പെടുത്തി. ഒരു ലക്ഷത്തോളം ഫോണ്‍കോളുകള്‍ പരിശോധിച്ചതായും രേഖാമൂലം നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ഇരുപത്തിയൊന്ന് വയസ്സായ പെണ്‍കുട്ടിയെയാണ് കാണാതായിരിക്കുന്നത്. അതിന്റെ ഗൗരവം ഉള്‍ക്കൊണ്ടുള്ള അന്വേഷണം തന്നെയാണ് പോലീസ് നടത്തുന്നത്. സാധ്യമായ തരത്തിലുള്ള അന്വേഷണങ്ങളെല്ലാം ഇതുമായി ബന്ധപ്പെട്ട് നടത്തുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചു.

ജെസ്‌നയെ കാണാതായതുമായി ബന്ധപ്പെട്ട് ഷോണ്‍ ജോര്‍ജ് നല്കിയ ഹേബിയസ്‌കോര്‍പസ് ഹര്‍ജിയാണ് കോടതി ഇന്ന് പരിഗണിച്ചത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജെസ്‌നയുടെ സഹോദരന്‍ നല്കിയ ഹര്‍ജി ജൂലൈ 4ന് കോടതി പരിഗണിക്കും.

അതേ സമയം സർക്കാരിനെതിരെ വിമർശനവുമായി ജെസ്നയുടെ സഹദരൻ. ജസ്‌നയെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന് എന്ത് അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞതെന്നായിരുന്നു ജെയ്‌സ് ചോദിച്ചു. അതേസമയം, കേസിന്റെ അന്വേഷണം വഴി തിരിച്ചു വിടാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നു. തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന പൊലീസ് വാദം സാധൂകരിക്കാന്‍ കഴിയുന്ന യാതൊരു തെളിവും ഇതുവരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും ബന്ധുക്കളെയെല്ലാം ചോദ്യം ചെയ്‌തതാണെന്നും ജെയ്‌സ് പറഞ്ഞു.

”കുടുംബത്തിന് നേരെ ഉയരുന്ന ആരോപണങ്ങള്‍ വേദനിപ്പിക്കുന്നവയാണ്. നാല് തവണ എന്നെ പൊലീസ് ചോദ്യം ചെയ്‌തിരുന്നു. അതുപോലെ തന്നെ പിതാവ് ജെയിംസിനേയും പല തവണ ചോദ്യം ചെയ്‌തിട്ടുണ്ട്. അതിന് പുറമെ, ജെയിംസ് നിര്‍മിക്കുന്ന കെട്ടിടങ്ങളിലടക്കം പൊലീസ് തിരച്ചില്‍ നടത്തിയിട്ടും യാതൊരു തെളിവും കണ്ടെത്തിയിട്ടില്ല,’ ജെയ്സ് പറഞ്ഞു.

Read More >>