ചാലക്കുടി പുഴയെ രക്ഷിക്കാന്‍ കുഞ്ഞുങ്ങള്‍ കടവുകളിലേക്ക്

എറണാകുളം : തെളിഞ്ഞ് ശുദ്ധമായ കുടിവെള്ളത്തിനായി , ലോകപരിസ്ഥിതി ദിനമായ നാളെ ( ജൂണ്‍ 5 ) കുഞ്ഞുങ്ങള്‍ ചാലക്കുടി പുഴയിലിറങ്ങും . പുഴ സംരക്ഷണസമിതിയുടെ...

ചാലക്കുടി പുഴയെ രക്ഷിക്കാന്‍  കുഞ്ഞുങ്ങള്‍ കടവുകളിലേക്ക്

എറണാകുളം : തെളിഞ്ഞ് ശുദ്ധമായ കുടിവെള്ളത്തിനായി , ലോകപരിസ്ഥിതി ദിനമായ നാളെ ( ജൂണ്‍ 5 ) കുഞ്ഞുങ്ങള്‍ ചാലക്കുടി പുഴയിലിറങ്ങും . പുഴ സംരക്ഷണസമിതിയുടെ മേല്‍നോട്ടത്തില്‍ മുതിര്‍ന്നവരും കുഞ്ഞുങ്ങളുമാണു അധികാരികളുടെ കണ്ണു തുറപ്പിക്കാന്‍ പുഴയില്‍ ഇറങ്ങുന്നത്. ചാലക്കുടിപ്പുഴ സംരക്ഷിക്കുക - ഞങ്ങൾ കുട്ടികൾ, മുതിർന്നവർ ചാലക്കുടിപ്പുഴയിലേക്ക് എന്ന മുദ്രാവാക്യവുമായാണു ചാലക്കുടി പുഴ കടന്നു പോകുന്ന എറണാകുളം ജില്ലയിലെ മൂഴിക്കുളം പള്ളിക്കടവില്‍ പരിസ്ഥിതി ദിനത്തില്‍ മുതിര്‍ന്നവരും കുഞ്ഞുങ്ങളും രാവിലെ പത്ത് മണിക്ക് ഒത്ത് ചേരുന്നത് .

പച്ചപ്പിനു വേണ്ടി പ്രവര്‍ത്തിക്കുന്ന മൂഴിക്കുളം ശാലയുടെ പ്രവര്‍ത്തകര്‍, കര്‍ഷകര്‍, പ്രക്യതി സ്നേഹികള്‍, എഴുത്തുകാര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. വ്യാവസായിക മാലിന്യങ്ങള്‍ നിറഞ്ഞ്, ഉപയോഗശൂന്യമായ , വിഷം കലര്‍ന്ന പുഴയിലേക്കാണു മേഖലയിലെ മനുഷ്യര്‍ പ്രതിഷേധവുമായി എത്തുന്നത്. ചാലക്കുടി പുഴയെ രാവും പകലും മലിനമാക്കി കൊണ്ടിരിക്കുന്ന നീറ്റ ജലാറ്റിന്‍ കമ്പനിക്കെതിരെയാണു കൂട്ടായ്മയില്‍ പങ്കെടുക്കുന്നവരുടെ പ്രധാന പ്രതിഷേധം. പുഴ പ്രതിജ്ഞ , പുഴ സന്ദേശങ്ങൾ, വൃക്ഷത്തൈ വിതരണം, പരിസ്ഥിതി ധവളപത്രത്തിന്റെ ചർച്ച എന്നിവ കൂട്ടായ്മയില്‍ നടക്കും. മൂഴിക്കുളം ശാലയുടെ അമരക്കാരന്‍ ടി ആര്‍ പ്രേമന്‍, സി ആര്‍ നീലകണ്ഠന്‍, ജോൺ പെരുവന്താനം, ഡോ.സി.എം .ജോയി , എസ്.പി രവി ,പുരുഷൻ ഏലൂർ, കുസുമം ജോസഫ് തുടങ്ങിയവര്‍ കുട്ടികളുടെ പ്രതിഷേധത്തിനു നേത്യത്വം നല്‍കും.

ചാ‍ലക്കുടി പുഴയുടെ തീരത്ത് പ്രവര്‍ത്തിക്കുന്ന നീറ്റ ജലാറ്റിന്‍ കമ്പനിക്കെതിരെയുള്ള മുതിര്‍ന്നവരുടെ സമരം ലക്ഷ്യമെത്താത്ത സാഹചര്യത്തിലാണു കുട്ടികള്‍ , ഉറച്ച മുദ്രാവാക്യങ്ങളുമായി പുഴയിലേക്കെത്തുന്നത്. പുഴയില്‍ ഇറങ്ങാന്‍ പോലും ആവാത്ത അവസ്ഥയിലാണു ഇപ്പോള്‍ അതിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ സ്ഥിതി. കടും പച്ച നിറത്തിലാണു ചാലക്കുടി പുഴ ഒഴുകുന്നത്. ചൊറിച്ചില്‍ അനുഭവപ്പെടുന്നതിനാല്‍ കരയില്‍ താമസിക്കുന്നവര്‍ ഇപ്പോള്‍ പുഴയില്‍ ഇറങ്ങാറില്ല.

ലോക പരിസ്ഥിതി ദിനത്തില്‍ സംസ്ഥാനത്തും വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിലാണ് സംസ്ഥാനത്ത് പരിസ്ഥിതി ദിനാചരണം. പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന വകുപ്പും ഹരിത കേരളം മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ദിനാചരണം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി-ജല സംരക്ഷണം വിഷയമാക്കി ഹരിത കേരളം മിഷന്‍ നിര്‍മിച്ച അനിമേഷന്‍ വീഡിയോ 'ഇനി ഞങ്ങള്‍ പറയും' ചടങ്ങില്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്യും. കൂടാതെ വിദ്യാലങ്ങള്‍ കേന്ദ്രീകരിച്ച് ഹരിതോത്സവം സംഘടിപ്പിക്കും. പൊതുവിദ്യാലയങ്ങളെ ഹരിത വിദ്യാലയങ്ങളാക്കിമാറ്റുക എന്നതാണ് ഹരിതോത്സവം പരിപാടിയുടെ ലക്ഷ്യം. കൂടാതെ സംസ്ഥാനത്ത് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ മൂന്ന് കോടി വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കും. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും വകുപ്പുകളും ഇന്ന് മുതല്‍ ഹരിതപെരുമാറ്റച്ചട്ടം അനുവര്‍ത്തിക്കും.

പ്ലാസ്റ്റിക്കില്‍ നിന്നള്ള മലിനീകരണം തടയുക എന്നതാണ് 2018-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. ഇന്ത്യയാണു ആതിഥേയ രാജ്യം

Read More >>