വയോജനങ്ങളുടെ സംരക്ഷണം: കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അലഞ്ഞുതിരിയുന്നവരും റെയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റാന്‍റ്, ക്ഷേത്ര വളപ്പ്, റോഡുകള്‍ എന്നിവിടങ്ങളില്‍ കഴിയുന്നവരുമായ...

വയോജനങ്ങളുടെ സംരക്ഷണം: കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അലഞ്ഞുതിരിയുന്നവരും റെയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റാന്‍റ്, ക്ഷേത്ര വളപ്പ്, റോഡുകള്‍ എന്നിവിടങ്ങളില്‍ കഴിയുന്നവരുമായ മുഴുവന്‍ വയോജനങ്ങളെയും കണ്ടെത്തി പുനരധിവസിപ്പിക്കണമെന്ന് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. പോലീസിന്‍റെ സഹായത്തോടെ ഇവരെ കണ്ടെത്തിയ ശേഷം അനുയോജ്യമായ വൃദ്ധസദനങ്ങളില്‍ താമസിപ്പിക്കണമെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും സംബന്ധിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മീഷന്‍ ബുധനാഴ്ചയാണ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. മുന്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ്, മുന്‍ ഹെല്‍ത്ത് സര്‍വ്വീസസ് ഡയറക്ടര്‍ ഡോ. ജമീല ബാലന്‍ എന്നിവരാണ് കമ്മീഷനിലെ മറ്റ് അംഗങ്ങള്‍.

മറ്റ് ശുപാര്‍ശകള്‍:

1. വയോജനങ്ങളെ നാലായി തരം തിരിക്കണം. 1) ആരോഗ്യമുളളവരും സ്വയം കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുളളവരും 2) ഭാഗികമായി മറ്റുളളവരെ ആശ്രയിക്കുന്നവര്‍ 3) പൂര്‍ണ്ണമായും പരാശ്രയം വേണ്ടവരോ കിടപ്പിലായവരോ 4) മാനസിക വെല്ലുവിളി നേരിടുന്നവര്‍. ഈ വിഭാഗങ്ങളെ പ്രത്യേകം കെട്ടിടങ്ങളില്‍ താമസിപ്പിക്കണം. വൃദ്ധസദനങ്ങളില്‍ ആളുകളെ കുത്തിനിറയ്ക്കാന്‍ അനുവദിക്കരുത്. അനുവദിക്കപ്പെട്ട എണ്ണത്തിന്‍റെ പത്ത് ശതമാനത്തിലധികം ആളുകളെ പാര്‍പ്പിക്കാന്‍ പാടില്ല.

2. വാര്‍ഡുതല കമ്മിറ്റികള്‍ മുഖേന വയോജനങ്ങളുടെ മക്കളുടെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കണം. സാമ്പത്തിക സ്ഥിതി മെച്ചമായിട്ടും രക്ഷിതാക്കളെ സംരക്ഷിക്കാത്ത മക്കള്‍ക്കെതിരെ നിയമാനുസൃതം നടപടി സ്വീകരിക്കണം. മക്കള്‍ക്ക് സാമ്പത്തികനില മോശമാണെങ്കില്‍ വയോജനങ്ങളെ സാമൂഹ്യനീതി വകുപ്പ് സംരക്ഷിക്കണം.

3. വൃദ്ധസദനങ്ങളിലെ സ്റ്റാഫിനും നിശ്ചിത യോഗ്യതയുണ്ടായിരിക്കണം. അവര്‍ക്ക് പരിശീലനം നല്‍കണം.

4. സര്‍ക്കാര്‍ സ്വന്തം നിലയില്‍ പുതിയ വൃദ്ധസദനങ്ങള്‍ സ്ഥാപിക്കേണ്ടതില്ല. സ്വകാര്യ വൃദ്ധസദനങ്ങളില്‍ ഇപ്പോള്‍ പതിനായിരത്തോളം പേര്‍ക്കുളള ഒഴിവുകളുണ്ട്. സര്‍ക്കാര്‍ വൃദ്ധസദനങ്ങളില്‍ 485 ഒഴിവകളുണ്ട്.

5. സ്വകാര്യ വൃദ്ധസദനങ്ങളോട് ചേര്‍ന്ന് സ്ഥലമുണ്ടെങ്കില്‍ അവിടെ നിബന്ധനകള്‍ക്ക് വിധേയമായി കെട്ടിടം പണിയുന്നതിന് സര്‍ക്കാരിന് സഹായം നല്‍കാവുന്നതാണ്. എന്നാല്‍ അത്തരം വൃദ്ധസദനങ്ങള്‍ എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ടവരേയും ഉള്‍ക്കൊളളുന്നതാകണം.

6. പത്തുപേര്‍ക്കെങ്കിലും താമസസൗകര്യമില്ലാത്ത വൃദ്ധസദനങ്ങള്‍ക്ക് അംഗീകാരം നല്‍കേണ്ടതില്ല.

7. മെഡിക്കല്‍, നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് വൃദ്ധസദനങ്ങളില്‍ രണ്ടാഴ്ചത്തെ ഇന്‍റേണ്‍ഷിപ്പ് നിര്‍ബന്ധമാക്കണം.

8. വൃദ്ധസദനങ്ങളിലെ അന്തേവാസികള്‍ക്ക് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി നിയമസഹായം ലഭ്യമാക്കണം.

9. 70 കഴിഞ്ഞ വയോജനങ്ങളുടെ പെന്‍ഷന്‍ 2000 രൂപയായി ഉയര്‍ത്തണം. 80 കഴിഞ്ഞവര്‍ക്ക് 3000 രൂപ നല്‍കണം.

10. വയോജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി പണം സ്വരൂപിക്കുന്നതിന് പ്രത്യേക ഭാഗ്യക്കുറി നടത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കണം.

11. ആശുപത്രികള്‍, റേഷന്‍ ഷാപ്പുകള്‍, വൈദ്യുതി ബോര്‍ഡ് ഓഫീസുകള്‍, വാട്ടര്‍ അതോറിറ്റി മുതലായ സ്ഥലങ്ങളില്‍ വയോജനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം.

Read More >>