ജഡ്ജി നിയമനം കുടുംബകാര്യമല്ല: ജസ്റ്റിസ് കെമാല്‍ പാഷ

Published On: 2018-05-24T16:45:00+05:30
ജഡ്ജി നിയമനം കുടുംബകാര്യമല്ല: ജസ്റ്റിസ് കെമാല്‍ പാഷ

കൊച്ചി: ജഡ്ജിമാരുടെ നിയമനത്തില്‍ കൊളീജിയം നിർദേശങ്ങൾക്കെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ. ജഡ്ജിമാരുടെ നിയമനം കുടുംബകാര്യമല്ലെന്നും ഇപ്പോള്‍ നിയമനത്തിന് പരിഗണിക്കുന്നവര്‍ സ്ഥാനത്തിന് യോഗ്യരല്ലെന്നും കെമാല്‍ പാഷ വിമര്‍ശിച്ചു. .ചീഫ് ജസ്റ്റീസ് അടക്കമുള്ള കൊളീജിയം അംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു കൊളീജിയം ശുപാർശക്കെതിരെ അദ്ദേ​ഹത്തിൻെറ രൂക്ഷ വിമർശനം.

ജഡ്ജിമാരുടെ ബന്ധുക്കളാണ് കൊളിജീയം നിര്‍ദേശിച്ചിരിക്കുന്ന പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. വിരമിച്ചശേഷം ജഡ്ജിമാർ സര്‍ക്കാര്‍ പദവികളിലേക്ക് പോകരുതെന്നും അദ്ദേഹം പറഞ്ഞു. നീതിയുടെ ക്ഷേത്രമായ കോടതിയുടെ അന്തസ് ഉയര്‍ത്തിപിടിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. സമീപകാലത്ത് ഹൈക്കോടതിയുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങൾ നീതി പീഠത്തിന്റെ യശസ്സിനു ചേർന്നതായില്ലെന്നും ഇത്‌ കോടതിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ടെന്നും ചില ബാഹ്യശക്തികള്‍ വിധിന്യായത്തില്‍ ഇടപെടാന്‍ ശ്രമിക്കുന്നതായും കെമാല്‍പാഷ കൂട്ടിച്ചേർത്തു.ജഡ്ജിമാരുടെ അഴിമതിക്കെതിരെ ബോംബെ ഹൈക്കോടതിയിലെ അഭിഭാഷകർ പരസ്യമായി പ്രതികരിച്ചതിനെയും അദ്ദേഹം ഉയര്‍ത്തിക്കാട്ടി

ജഡ്ജി സ്ഥാനത്ത് നിന്നും വിരമിക്കുന്ന കെമാല്‍പാഷ തന്റെ യാത്രയയപ്പ് സമ്മേളനത്തിലാണ് കൊളീജിയം ശുപാർഷക്കെതിരെ വിമർശനമുയർത്തിയത്. യാത്രയയപ്പു ചടങ്ങിൽ ചീഫ് ജസ്റ്റീസ് ആന്റണി ഡൊമിനിക് ,സഹ ജഡ്ജിമാർ ,മുൻ ജഡ്ജിമാർ, അഡ്വക്കറ്റ് ജനറൽ സി പി സുധാകര പ്രസാദ് , ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് രാംകുമാർ നമ്പ്യാർ തുടങ്ങിയവർ പങ്കെടുത്തു.

Top Stories
Share it
Top