അഭിഭാഷകരും മധ്യമപ്രവര്‍ത്തകരും അകന്നു കഴിയേണ്ടവരല്ല: ജസ്റ്റിസ് കുര്യന്‍ ജോസഫ്

കോഴിക്കോട്: ജനാധിപത്യത്തിന്റെ സംരക്ഷകരായ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും പരസ്പരം മത്സരിച്ച് അകന്നു കഴിയേണ്ടവരല്ലെന്നും പരസ്പരം സഹകരിച്ച് അടുത്തു...

അഭിഭാഷകരും മധ്യമപ്രവര്‍ത്തകരും അകന്നു കഴിയേണ്ടവരല്ല: ജസ്റ്റിസ് കുര്യന്‍ ജോസഫ്

കോഴിക്കോട്: ജനാധിപത്യത്തിന്റെ സംരക്ഷകരായ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും പരസ്പരം മത്സരിച്ച് അകന്നു കഴിയേണ്ടവരല്ലെന്നും പരസ്പരം സഹകരിച്ച് അടുത്തു കഴിയേണ്ടവരാണെന്നും സുപ്രീം കോടതി ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു. കോഴിക്കോട് ബാര്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന അഡ്വ. ജോസഫ് ജേക്കബ് കൈനടി ഫോട്ടോ അനാഛാദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവിത പങ്കാളിയോട് മിണ്ടാതിരിക്കുന്ന ദൈര്‍ഘ്യം കൂടുമ്പോള്‍ മനസിലുണ്ടാവുന്ന വിഷമം പോലെയാണ് മാധ്യമപ്രവര്‍ത്തകരുടെയും അഭിഭാഷകരുടെയും അകല്‍ച്ചകൊണ്ട് ഉണ്ടാവുന്നത്. ഇപ്പോള്‍ മിണ്ടും എന്നുകരുതി ഇരുകൂട്ടരും കാത്തിരിക്കുകയാണ്. ഇതു മാറണം. കുടുബത്തിന്റെ നിലനില്‍പ്പിന് ആവശ്യമെന്നതുപോലെ ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് ഇരുക്കൂട്ടരും ആവശ്യമാണ്. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും ജനാധിപത്യത്തിന്റെ സംരക്ഷകരാണ്. ഇരുക്കൂട്ടരും ജനാധിപത്യത്തെ കുറിച്ച് ബോധവാന്മാരാണ്. താത്പര്യമുള്ളവരാണ്. ജനാധിപത്യത്തെ സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നവരുമാണ്. അവരുടെ ജാഗ്രതയാണ് ജനാധിപത്യത്തിന്റെ നിധി. ജനാധിപത്യത്തിന്റെ കാവല്‍ ഭടന്‍മാരായ മാധ്യമങ്ങളും സംരക്ഷകരായ നീതിനിര്‍വഹണ സംവിധാനവും ഐക്യത്തോടെ മുന്നേറണം. ഇരുവരുടെയും ലക്ഷ്യം ഒന്നാണ്. ഇത്തരത്തില്‍ ജനാധിപത്യ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ആഗ്രഹിച്ച അഡ്വ. ജോസഫ് ജേക്കബ് കൈനടിയുടെ ഫോട്ടോ അനാഛാദന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഡ്വ. ജോസഫ് ജേക്കബ് കൈനടിയുടെ പേരിലുള്ള ജെജെ ഫൗണ്ടേഷന്റെ ഉദ്ഘാടനം റിട്ട. ഹൈകോടതി ജഡ്ജ് ജസ്റ്റിസ് ആര്‍. ബസന്ത് നിര്‍വഹിച്ചു. എല്ലാത്തരത്തിലും ലീഡറായിരുന്ന ജോസഫ് ജേക്കബ് കൈനടിയെ അഭിഭാഷകര്‍ മാതൃകയാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.കെ. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെഷന്‍സ് ജഡ്ജ് എം.ആര്‍. അനിത, കേരള ബാര്‍ ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് അഡ്വ. വിനോദ് സിംഗ് ചെറിയാന്‍, അഡ്വ. പി.കെ. സിദ്ധാര്‍ഥന്‍, അഡ്വ. പി.ടി. ശ്രീനാരായണനുണ്ണി തുടങ്ങിയവര്‍ സംസാരിച്ചു. കേരള ബാര്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. മാത്യു കട്ടിക്കാന സ്വാഗതവും കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബി.വി. ദീപു നന്ദിയും പറഞ്ഞു.

Read More >>