ജസ്ന കേസ്; ഐജിയെ മുഖ്യമന്ത്രി ചവിട്ടിപ്പിടിച്ചിരിക്കുകയാണെന്ന് കെ മുരളീധരൻ

Published On: 2018-07-22T16:15:00+05:30
ജസ്ന കേസ്; ഐജിയെ മുഖ്യമന്ത്രി ചവിട്ടിപ്പിടിച്ചിരിക്കുകയാണെന്ന് കെ മുരളീധരൻ

പത്തനംതിട്ട : എരുമേലിയിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ ജസ്നയെ കണ്ടെത്തുന്നതിൽ സിപിഐഎമ്മിന് വേവലാതി എന്തിനാണെന്ന് കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ എംഎൽഎ. ജസ്ന തിരോധാന കേസ് അന്വേഷിക്കുന്ന ഐജി മനോജ് ഏബ്രഹാമിനെ ചവിട്ടിപ്പിടിച്ചിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും മുരളീധരൻ പറഞ്ഞു. ജസ്ന കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു

മിടുക്കന്മാരായ പൊലീസുകാർക്ക് ഇപ്പോൾ പേടിയാണ്. കള്ളന്മാരുടെയും കൊലപാതകികളുടെയും തോളിൽ കയ്യിട്ടു മുഖ്യമന്ത്രി സംസാരിക്കുമ്പോൾ ഏതെങ്കിലും കേസിൽ പ്രതികളെ പിടിക്കാൻ പൊലീസിനു ധൈര്യമുണ്ടാകുമോ എന്നും മുരളീധരൻ ചോദിച്ചു. സ്വന്തം കീഴുദ്യോഗസ്ഥരെ പോലും നിലയ്ക്കു നിർത്താൻ കെൽപ്പില്ലാത്തയാളാണ് ഡിജിപിയെന്നും മുരളീധരൻ പറഞ്ഞു.

പരാതിയും കൊണ്ടു രണ്ടു കാലിൽ പൊലീസ് സ്റ്റേഷനിൽ ചെല്ലുന്നവർ മൂക്കിൽ പഞ്ഞിവച്ചാണ് ഇപ്പോൾ ഇറങ്ങി വരുന്നത്. പൊലീസുകാരെ പറഞ്ഞിട്ടും കാര്യമില്ല. അവർ യജമാനന്മാർക്ക് അടിമപ്പണി ചെയ്യുകയാണ്. എഡിജിപിയുടെ മകൾ ഒരു പൊലീസുകാരനെ ഇടിച്ച് ആശുപത്രിയിലാക്കിയിട്ടും ഒരു നടപടിയും കേരളത്തിൽ ഉണ്ടായിട്ടില്ലെങ്കിൽ പിന്നെ ഏതൊരാൾക്കാണ് ഇവിടെ നീതി ലഭിക്കുകയെന്നും മുരളീധരൻ ചോദിച്ചു.

ജെസ്ന കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ഡിസിസിയുടെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Top Stories
Share it
Top