കണ്ണൂര്‍ വിമാനത്താവളത്തില്‍ നോ എന്‍ട്രി

Published On: 2018-07-10T18:00:00+05:30
കണ്ണൂര്‍ വിമാനത്താവളത്തില്‍ നോ എന്‍ട്രി

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവള നിര്‍മാണം അന്തിമ ഘട്ടത്തില്‍ എത്തിയതോടെ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി . വിമാനത്താവളത്തിന്റെ മിനുക്ക് പണി തുടങ്ങിയതോടെയാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വിമാനത്താവള പ്രദേശത്തു സന്ദര്‍ശകരുടെയും വാഹനങ്ങളുടെയും ബാഹുല്യം കാരണം അവസാന ഘട്ട മിനുക്കുപണികള്‍ നടത്താന്‍ പ്രയാസം നേരിടുന്നുണ്ട്.

നിര്‍മാണം പൂര്‍ത്തിയായ സ്ഥലത്തു വാഹനങ്ങള്‍ അനിയന്ത്രിതമായി പ്രവേശിച്ച് അതിപ്രധാന ഭാഗങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിക്കുന്നതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിയന്ത്രണം കര്‍ശനമാക്കിയത്. ഇതിനും പുറമെടെര്‍മിനലില്‍ ലക്ഷങ്ങള്‍ മുടക്കി വിവിധ കലാരൂപങ്ങളും, മലബാറിന്റെ തനിമ ഉയര്‍ത്തി പിടിക്കുന്ന ചിത്രരചനകളുടെ ജോലികളും നടന്നു വരുന്നുണ്ട്. സന്ദര്‍ശകര്‍ കുട്ടത്തോടെ എത്തുന്നത് കാരണം ഇത്തരം ജോലികള്‍ക്ക് ഏറെ തടസം സൃഷ്ടിക്കുന്നുണ്ട്.

കഴിഞ്ഞ എതാനും മാസം മുമ്പ് പ്രവേശനം കര്‍ശനമായി തടഞ്ഞുവെങ്കിലും പിന്നീട് വിമാനത്താവള കമ്പനി നിയന്ത്രണം താല്‍ക്കാലികമായി പിന്‍വലിച്ചുതോടെയാണ് ദിനംപ്രതി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് നുറുക്കണക്കിന് പേര്‍ വിമാനത്താവളം സന്ദര്‍ശിക്കാന്‍ എത്തുന്നത്. അവധി ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തുന്നത്.
നിലവില്‍ വിമാനത്താവളത്തില്‍ രണ്ട് കവാടങ്ങള്‍ ഉണ്ട്. ഒന്നാം കവാടത്തില്‍ കൂടി മാത്രമാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം. വിമാനത്താവളം മെയിന്‍ കവാടത്തില്‍ സെക്യുരിറ്റി രേഖകള്‍ പരിശോധിച്ചാണ് സന്ദര്‍ശകരെ ഉള്ളിലേക്ക് കടത്തിവിടുന്നത് . വിമാനത്താവളത്തില്‍ ടെര്‍മിനല്‍, റണ്‍വേ തുടങ്ങിയ സ്ഥലങ്ങളില്‍ സെക്യുരിറ്റി കുറവ് കാരണം സന്ദര്‍ശകരെ നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. പൊതുജനങ്ങളും, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വാണിജ്യ സമൂഹം ഇതുമായി സഹകരിക്കണമെന്ന ്കിയാല്‍ ചീഫ് പ്രോജക്ട് എന്‍ജിനീയര്‍ അറിയിച്ചു.

Top Stories
Share it
Top