ഉരുൾപൊട്ടലിൽ കോഴിക്കോട് നാല്‌ മരണം, അഞ്ച് വീടുകൾ തകർന്നു

കോഴിക്കോട്: ബുധനാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഉരുൾപൊട്ടൽ. കോഴിക്കോട് ഉണ്ടായ ഉരുള്‍പൊട്ടലില്‍ നാല്‌ പേർ...

ഉരുൾപൊട്ടലിൽ കോഴിക്കോട് നാല്‌  മരണം, അഞ്ച് വീടുകൾ തകർന്നു

കോഴിക്കോട്: ബുധനാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഉരുൾപൊട്ടൽ. കോഴിക്കോട് ഉണ്ടായ ഉരുള്‍പൊട്ടലില്‍ നാല്‌
പേർ മരിച്ചു. ഇതില്‍ മൂന്നുപേര്‍ കുട്ടികളാണ്. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന് ആരക്കോണത്തു നിന്നുള്ള ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു ടീം കൂടി ദുരന്തബാധിത പ്രദേശത്തേക്ക് തിരിച്ചു. പ്രത്യേക പരിശീലനം ലഭിച്ച 48 അംഗ സംഘമാണ് കോഴിക്കോട്ടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

അതിനിടെ, ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ആശുപത്രികളില്‍ മതിയായ സൗകര്യമൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. ഏത് അടിയന്തിര സാഹചര്യം നേരിടാനും ആശുപത്രികള്‍ സജ്ജമാക്കേണം. ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളില്‍ തുടങ്ങുന്ന മെഡിക്കൽ ക്യാമ്പുകളിലേക്ക് പ്രത്യേക സംഘത്തെ അയക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

ഉരുൾപൊട്ടലിൽ ഒൻപത് പേരെ കാണാതായിട്ടുണ്ട്. ഇവരില്‍ രണ്ട് പേരെ പുറത്തെടുത്തു. ഇവര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഉരുൾപൊട്ടലിൽ അഞ്ച് വീടുകൾ പൂർണ്ണമായും തകർന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്. ദേശീയ ദുരന്തനിവാരണ സേന (എൻ ഡി ആർ എഫ്) കോഴിക്കോട് എത്തി. കലക്ടറേറ്റിൽ നടന്ന യോഗത്തിൽ മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, ടി പി രാമകൃഷ്ണൻ, എ കെ ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു.

കോഴിക്കോട്- കൊല്ലഗല്‍ ദേശീയപാതയില്‍ താമരശ്ശരി ചുരത്തില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും കൃഷിസ്ഥലങ്ങള്‍ വെള്ളത്തിനടിയിലായി. താമരശ്ശേരിയിലും കക്കയത്തും നിരവധി സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടി. കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ കക്കയം ഡാമിന്റെ ഷട്ടറുകൾ തുറന്നു.

മലപ്പുറത്ത് എടവണ്ണയിലും ഉരുള്‍പൊട്ടലുണ്ടായി. ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ ജില്ല കലക്ടര്‍ ഉത്തരവിട്ടു. കണ്ണൂര്‍ ജില്ലയിലെ പലഭാഗങ്ങളിലും ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടായി.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ സി ബി എസ് ഇ ഉൾപെടെ എല്ലാ സ്കൂളുകൾക്കും ഇന്ന് ഉച്ചക്ക് ശേഷം ജില്ലാ കലക്ടർ മീർ മുഹമ്മദ് അലി അവധി പ്രഖ്യാപിച്ചു. അതേസമയം, വയനാട്ടിലെ തഹസില്‍ദാര്‍മാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ എന്നിവരോട് ജില്ല വിട്ടിപോകരുതെന്ന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയല്‍ മഴ കനത്ത സാഹചര്യത്തിലാണ് നിര്‍ദ്ദേശം. വയനാട്ടില്‍ വ്യാപതമായി കൃഷിയും വീടും നശിച്ചിട്ടുണ്ട്‌.കാലവര്‍ഷകെടുതി നേരിടുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും കളക്ടര്‍മാര്‍ക്കം മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

Story by
Read More >>