കരിപ്പൂര്‍; പുതിയ ടെര്‍മിനല്‍ ഡിസംബറില്‍ തുറക്കും

Published On: 26 Jun 2018 11:00 AM GMT
കരിപ്പൂര്‍; പുതിയ ടെര്‍മിനല്‍ ഡിസംബറില്‍ തുറക്കും

കോഴിക്കോട്: കരിപ്പൂരിലെ പുതിയ ടെര്‍മിനല്‍ ഈ വർഷം ഡിസംബറോടെ യാത്രക്കാര്‍ക്ക് തുറന്നു കൊടുക്കുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ സതേണ്‍ റീജ്യണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് വി.ബി ചന്ദ്രകുമാര്‍ പറഞ്ഞതായി മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ ഭാരവാഹികള്‍ പത്രകുറുപ്പില്‍ അറിയിച്ചു. 17000 സ്‌ക്വയര്‍ ഫീറ്റില്‍ പണിപൂര്‍ത്തിയാക്കുന്ന പുതിയ ടെർമിനലിൽ യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സൗകര്യം നല്‍കുന്നതിന് കൂടുതല്‍ എയറോബ്രിഡ്ജുകള്‍, കസ്റ്റംസ് എമിഗ്രേഷന്‍ കൗണ്ടറുകൾ, എക്‌സ്റ്റന്റ് കണ്‍വേയര്‍ ബെല്‍റ്റ്, എക്‌സറേ മെഷീനുകള്‍ തുടങ്ങിയ മറ്റനുബന്ധ സൗകര്യങ്ങള്‍ എന്നിവ സജ്ജീകരിച്ചുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോഡ് ഇ പദവി ലഭിക്കുന്നതിന് സിറ്റി സൈഡ് കാര്‍ പാര്‍ക്കിംഗ് 15.25 ഏക്കര്‍ ഭൂമിയും പുതിയ ടെര്‍മിനല്‍ ബില്‍ഡിങ്ങും ഏപ്രണും റണ്‍വേയുടെ മറുഭാഗത്ത് നിര്‍മ്മിക്കുന്നതിന് 137 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാറിന്റെ ചെലവില്‍ ഏറ്റെടുത്തുകൊടുത്താല്‍ ഏത്രവും വേഗം നിര്‍മ്മാണം നടത്താമെന്ന് വി.ബി. ചന്ദ്രകുമാര്‍ പറഞ്ഞു. റണ്‍വേ ആന്‍ഡ് സേഫ്റ്റി ഏരിയ 90 ല്‍ നിന്ന് 240 ആക്കി ഉയര്‍ത്തി കരിപ്പൂരില്‍ 24 മണിക്കൂര്‍ സര്‍വ്വീസ് ആരംഭിച്ചതിന് ശേഷം നിര്‍ത്തലാക്കിയ വലിയ വിമാനസര്‍വീസും ഹജ്ജ് എംബാര്‍ക്കേഷനും പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, വ്യോമയാന മന്ത്രി സുരേഷ് പ്രഭു, സഹമന്ത്രി ജയന്ത് സിന്‍ഹ, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍, ഡിജിസിഎ ചെയര്‍മാന്‍, റീജ്യനല്‍ ഏക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിന് അടിയന്തിര നടപിടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം സമര്‍പ്പിച്ചിട്ടുണ്ടെന്നും സി.ഇ ചാക്കുണ്ണി പറഞ്ഞു.

Top Stories
Share it
Top