ഭവന നിര്‍മ്മാണ പദ്ധതിയില്‍ ഓവര്‍സിയറെ സസ്‌പെന്‍ഡ് ചെയ്ത സംഭവം;നഗരസഭ നടപടിക്ക് ഹൈക്കോടതി അംഗീകാരം

Published On: 28 Jun 2018 6:30 AM GMT
ഭവന നിര്‍മ്മാണ പദ്ധതിയില്‍ ഓവര്‍സിയറെ സസ്‌പെന്‍ഡ് ചെയ്ത സംഭവം;നഗരസഭ നടപടിക്ക് ഹൈക്കോടതി അംഗീകാരം

കാസര്‍കോട്: ഭവന നിര്‍മാണ പദ്ധതി തുക നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ ഓവര്‍സിയറെ സസ്‌പെന്റ് ചെയ്ത കാസര്‍കോട് നഗരസഭ കൗണ്‍സില്‍ നടപടിക്ക് ഹൈക്കോടതിയുടെ അംഗീകാരം. സസ്പെന്‍ഷന്‍ തടഞ്ഞ ചീഫ് എന്‍ജിനീയറുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. നഗരസഭ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിമും നഗരസഭ സെക്രട്ടറിയും ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് കോടതി നടപടി.

നഗരസഭയിലെ മൂന്നാം ഗ്രേഡ് ഓവര്‍സിയര്‍ സി.എസ് അജിതയെ ജൂണ്‍ 19ന് ചേര്‍ന്ന നഗരസഭ കൗണ്‍സിലാണ് സസ്‌പെന്റ് ചെയ്തത്. 2015-16 വര്‍ഷത്തെ ഭവന നിര്‍മാണ ഗുണഭോക്താവായ പി പത്മനാഭ എന്നയാള്‍ 2015 ല്‍ രണ്ടു ഗഡുക്കളിലായി 1,50,000 രൂപ കൈപ്പറ്റിയിരുന്നു. പിന്നീട് വീട് പൂര്‍ത്തീകരിച്ച് ഓവര്‍സിയറുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വീട്ടുനമ്പറും ലഭിച്ചു.

എന്നാല്‍ ഓവര്‍സിയര്‍ പിന്നീട്, മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി വീട് നിര്‍മാണം നടത്തിയെന്നും ബാക്കി മൂന്നും നാലും ഗഡു തുക നല്‍കാന്‍ കഴിയില്ലെന്നും, പത്മനാഭനെതിരേ നിയമ നടപടി കൈകൊള്ളണമെന്നും മേലുദ്യോഗസ്ഥരെ അറിയിക്കുകയാണുണ്ടായത്. കൂടാതെ മുനിസിപ്പല്‍ സെക്രട്ടറിയുടെ റിപോര്‍ട്ട് പ്രകാരം തുക നല്‍കാവുന്നതാണെന്നും വ്യക്തമാക്കി.

മേലുദ്യോഗസ്ഥരേയും കൗണ്‍സിലിനേയും തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് ഓവര്‍സിയറുടെ ഭാഗത്ത് നിന്നുമുണ്ടായതെന്ന് കാട്ടിയാണ് നഗരസഭ കൗണ്‍സില്‍ യോഗം സസ്പെന്‍ഷന്‍ അംഗീകരിച്ചത്. എന്നാല്‍ ഇതിനെതിരെ സിപിഎം കൗണ്‍സിലര്‍ ദിനേശന്‍ രംഗത്തു വന്നിരുന്നു. തുടര്‍ന്നാണ് നഗരസഭ കൗണ്‍സില്‍ നടപടിഏക കണ്‌ഠേനയല്ലെന്നു കാട്ടി ചീഫ് എന്‍ജിനീയര്‍ സസ്പെന്‍ഷന്‍ റദ്ദാക്കി, ഓവര്‍സിയര്‍ തിരിച്ച് ജോലിയില്‍ പ്രവേശിച്ചത്.

ഇതിനെതിരെയാണ് നഗരസഭ ചെയര്‍പേഴ്സണും സെക്രട്ടറിയും ഹൈക്കോടതിയെ സമീപിച്ചത്. കൗണ്‍സിലിന്റെ തീരുമാനം മറികടക്കാന്‍ ചീഫ് എഞ്ചിനീയര്‍ക്ക് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. ഓവര്‍സിയറെ സസ്‌പെന്റ് ചെയ്ത നടപടിക്കെതിരേ സി പി എമ്മും കേരള മുന്‍സിപ്പല്‍ എംപ്പോയ്‌സ് അസോസിയേഷനും സമരരംഗത്തുണ്ട്.

Top Stories
Share it
Top