കഠ്‌വ-ഉന്നാവ് ക്രൂരതക്കെതിരെ പ്രതിഷേധ കൂട്ടായ്മ

Published On: 16 April 2018 3:45 PM GMT
കഠ്‌വ-ഉന്നാവ് ക്രൂരതക്കെതിരെ പ്രതിഷേധ കൂട്ടായ്മ

സുല്‍ത്താന്‍ബത്തേരി: മനുഷ്യമനസിനെ മരവിപ്പിച്ച കഠ്‌വ-ഉന്നാവ് ക്രൂരത നടത്തിയ കുറ്റവാളികളെ മുഴുവന്‍ ഉടന്‍ കല്‍തുറങ്കിലടക്കുകയും കര്‍ശന ശിക്ഷ ഉറപ്പാക്കുകയും വേണമെന്ന് ആവശ്യപെട്ടുകൊണ്ട് സ്ത്രീസുരക്ഷാസമിതിയുടെ ആഭിമുഖ്യത്തില്‍ പ്രകടനവും പ്രതിക്ഷേധകൂട്ടായ്മയും നടന്നു. എഴുത്തുകാരന്‍ ഒ.കെ. ജോണി ഉദ്ഘാടനം ചെയ്തു.

വര്‍ഗ്ഗീയ ഫാസിസത്തിന്റെ ഒരുപകരണമാണ് ബലാത്സംഘമെന്നും കഠ്‌വ സംഭവത്തിലൂടെ സംഘപരിവാര്‍ ശക്തികള്‍ ഭീക്ഷണി മുഴക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നാടോടി മുസ്‌ലിങ്ങളെ അവരുടെ വാസസ്ഥലത്ത് നിന്നും ഓടിപ്പിക്കുവാനാണ് ഈ നീചമായ കൃത്യം അവര്‍ നടത്തിയത്. എട്ട് വയസുകാരി പെണ്‍കുട്ടിയെ ഏറ്റവും ബിഭത്സമായി കൊലപെടുത്തിയതിനെ ന്യായികരിക്കാന്‍ ബിജെപി മന്ത്രിമാര്‍ വരെ രംഗത്തിറങ്ങി.

ആ കുരുന്നിനോട് ചെയ്ത പാതകത്തെ മഹത്വവല്‍ക്കരിച്ചു കൊണ്ട് സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരിക്കാന്‍ കേരളത്തിലെ ഒരു സംഘം പരിവാര്‍ യുവാവുമുണ്ടായിരുന്നു എന്നത് അത്യന്തം ഭയാനകരമാണ്. കുറ്റവാളികളെ രക്ഷിക്കാന്‍ പരസ്യമായി രംഗത്തു വന്ന ബിജെപി മന്ത്രിമാരെ ന്യായികരിക്കാന്‍ മീനാക്ഷി ലേഖി മുതല്‍ ശോഭ സുരേന്ദ്രന്‍ വരെയുള്ള വനിതാ നേതാക്കളും നില കൊള്ളുന്നുവെന്നതും ഉത്കണ്ഠാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.

എം.എ. പുഷ്പ അധ്യക്ഷത വഹിച്ചു. യുവനോവലിസ്റ്റ് ഹാരിസ് നെന്മേനി, അനുശ്രീ ജിഷ, വി.കെ. സദാന്ദന്‍, എ.സി. തോമസ്, ദേവസ്യ പുറ്റനാല്‍ എന്നിവര്‍ പ്രസംഗിച്ചു.

Top Stories
Share it
Top