ലോക കയാക്കിങ് ചാമ്പ്യന്‍ഷിപ്പ് കോഴിക്കോട്ട്; 20 രാജ്യങ്ങളില്‍ നിന്നും 150 പേര്‍ പങ്കെടുക്കും

* ഉല്‍സവമാക്കി മാറ്റാന്‍ ടൂറിസം വകുപ്പ് * സന്ദര്‍ശകര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ കോഴിക്കോട്: സാഹസികപ്രേമികളെയും വിനോദസഞ്ചാരികളെയും ആകര്‍ഷിക്കാന്‍...

ലോക കയാക്കിങ് ചാമ്പ്യന്‍ഷിപ്പ് കോഴിക്കോട്ട്; 20 രാജ്യങ്ങളില്‍ നിന്നും 150 പേര്‍ പങ്കെടുക്കും

* ഉല്‍സവമാക്കി മാറ്റാന്‍ ടൂറിസം വകുപ്പ്

* സന്ദര്‍ശകര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍

കോഴിക്കോട്: സാഹസികപ്രേമികളെയും വിനോദസഞ്ചാരികളെയും ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് ഈ മാസം 18 മുതല്‍ 22 വരെ കോഴിക്കോട് തുഷാരഗിരിയില്‍ നടത്തുന്ന പ്രഥമ ലോക കയാക്കിങ് ചാമ്പ്യന്‍ഷിപ്പിനും ആറാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിനുമുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. പരിപാടി ടൂറിസം ഉല്‍സവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ടൂറിസം വകുപ്പ്.

ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, സ്പെയിന്‍, ഇംഗ്ലണ്ട്, സ്‌കോട്ട്ലാന്റ്, ഇന്തോനീഷ്യ, ന്യൂസിലാന്റ്, ഓസ്ട്രേലിയ, നോര്‍വെ, നേപ്പാള്‍, മലേഷ്യ, സിംഗപ്പൂര്‍, ചെക് റിപബ്ലിക്, ഓസ്ട്രിയ, നെതര്‍ലാന്റ്, യു എസ് എ, കാനഡ തുടങ്ങിയ 20 രാജ്യങ്ങളില്‍ നിന്നുമായി 150-ഓളം പേര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. ഫ്രീസ്‌റ്റൈല്‍, സ്ലോലോം, എക്സ്ട്രീം സ്ലാലോം, ടീം റേസ് എന്നിവയായിരിക്കും മല്‍സരയിനങ്ങള്‍.

മല്‍സരം ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ്വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പായിരിക്കുമെന്ന് ജില്ലാ കളക്ട്രര്‍ യു വി ജോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിപ മൂലം സംസ്ഥാനത്തേക്കുള്ള വിനോദ സഞ്ചാരികളുടെ വരവ് നിലച്ചിരിക്കുകയാണെന്നും വിദേശികളെ തിരികെയെത്തിക്കാന്‍ ചാമ്പ്യന്‍ഷിപ്പ് അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോടഞ്ചേരി പഞ്ചായത്തിലെ ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമാണ് പ്രധാന മല്‍സരങ്ങള്‍ നടക്കുന്നത്. ഇതുകൂടാതെ ചക്കിട്ടപ്പാറ പഞ്ചായത്തിലെ മീന്‍തുള്ളിപ്പാറയിലും മല്‍സരം നടക്കും. സംസ്ഥാന ടൂറിസം വകുപ്പിന് കീഴില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് പരിപാടി സംഘടപ്പിക്കുന്നത്. സംസ്ഥാന വിനോദ സഞ്ചാരവകുപ്പ് 20 ലക്ഷം രൂപ ചാമ്പ്യന്‍ഷിപ്പിനായി അനുവദിച്ചിട്ടുണ്ട്. കൂടാതെ തിരുവമ്പാടി, ചക്കിട്ടപ്പാറ, കോടഞ്ചേരി ഗ്രാമപഞ്ചായത്തുകള്‍ സംയുക്തമായി 20 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. 15 ലക്ഷം രൂപയാണ് പ്രൈസ് വിജയികള്‍ക്കുള്ള പ്രൈസ് മണി.

Image result for the hindu kayaking kozhikode

ഇവര്‍ പ്രമുഖ താരങ്ങള്‍

ഫ്രഞ്ച് ഒളിമ്പിക് സംഘാംഗവും നിലവിലെ ലോക ചാമ്പ്യനുമായ ന്യൂട്രിയ ന്യൂമാന്‍, 2015ലെ ലോക ചാമ്പ്യനായ സ്പെയിനിന്റെ ഗേഡ് സെറസോള്‍ഡ്, 2012ലെ ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവായ ചെക് താരം വാവെറിങ്ക് റാഡിലെക്, അമേരികക്ന്‍ ഫ്രീ സ്‌റ്റൈല്‍ സംഘാംഗവും റെഡ്ബുള്‍ അത്ലറ്റുമായ ഡെയിന്‍ ജാക്സണ്‍, കാനഡ ഫ്രീസ്‌റ്റൈല്‍ സംഘാംഗം നിക് ട്രൗട്ട്മാന്‍ എന്നിവരാണ് ചാമ്പ്യന്‍ഷിപ്പിനെത്തുന്ന പ്രമുഖ ലോകോത്തര താരങ്ങള്‍.

വാര്‍ത്താസമ്മേളനത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പാറശ്ശേറി, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി, ചക്കിട്ടപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനില്‍, ഡി ടി പി സി പ്രതിനിധി ബിനോയ്, ഗ്രേറ്റര്‍ മലബാര്‍ ഇനിഷ്യേറ്റീവ് ജനറല്‍ സെക്രട്ടറി റോഷന്‍ കൈനാടി എന്നിവര്‍ പങ്കെടുത്തു.

Read More >>