​ഗണേഷ് കുമാർ യുവാവിനെ മർദ്ദിച്ച സംഭവം; പോലീസ് ഒത്തുകളിയിൽ പരാതിക്കാർക്കെതിരെ ജാമ്യമില്ലാക്കുറ്റം

Published On: 15 Jun 2018 3:30 AM GMT
​ഗണേഷ് കുമാർ യുവാവിനെ മർദ്ദിച്ച സംഭവം; പോലീസ് ഒത്തുകളിയിൽ പരാതിക്കാർക്കെതിരെ ജാമ്യമില്ലാക്കുറ്റം

കൊല്ലം: കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് യുവാവിനെ അമ്മയുടെ മുന്നിലിട്ട് മർദ്ദിച്ച സംഭവത്തിൽ കെ ബി ഗണേഷ് കുമാറിനു വേണ്ടി പോലീസ് ഒത്തുകളിക്കുന്നുവെന്ന് ആരോപണം. പരാതിക്കാരനായ അനന്തകൃഷ്‌ണനും അമ്മ ഷീനയ്‌ക്കുമെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തു. എന്നാൽ ഗണേഷ് കുമാറിനെതിരെ നിസാര കുറ്റങ്ങൾ മാത്രമാണ് ചുമത്തിയിരിക്കുന്നത്. അനന്തകൃഷ്‌ണൻ ആദ്യം പരാതി നൽകിയിട്ടും കേസെടുത്തപ്പോൾ പരാതി കൊടുത്തത് ഗണേഷ് കുമാറായി. മാരകായുധം കൊണ്ടു ദേഹോപദ്രവമേൽപ്പിച്ചെന്നത് അടക്കമുള്ള കുറ്റങ്ങളാണ് അനന്തകൃഷ്‌ണനും ഷീനയ്‌ക്കുമെതിരെയുള്ളത്.

ഇന്നലെ ഗണേഷ് കുമാറിനെതിരെ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. അനന്തകൃഷ്ണനെ ഗണേഷ് തോളിൽ അടിയ്ക്കുകയും പിടിച്ചു തള്ളുകയും ചെയ്തെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഗണേശിനെ കൂടാതെ ഡ്രൈവർ ശാന്തകുമാറും യുവാവിനെ മർദ്ദിച്ചതായി റിപ്പോർട്ടിലുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. അഞ്ചൽ ശബരിഗിരി സ്‌കൂളിന് സമീപം ബന്ധുവിന്റെ മരണവീട്ടിൽ നിന്ന് മാതാവുമൊത്ത് കാറിൽ മടങ്ങുകയായിരുന്നു യുവാവ്. ഈ സമയം എംഎൽഎയുടെ കാർ എതിരെ വന്നു. രണ്ട് വാഹനത്തിന് കടന്നുപോകാവുന്ന വീതി റോഡിനുണ്ടായിരുന്നില്ല. ഈ സമയം അനന്തകൃഷ്ണൻ കാർ പിന്നോട്ടെടുത്ത് നിർമ്മാണം നടക്കുന്ന വീട്ടിലേക്ക് ഒതുക്കിയെങ്കിലും എംഎൽഎയുടെ വാഹനത്തിന് കടന്നുപോകാനായില്ല.

ഇതിൽ പ്രകോപിതനായ എംഎൽഎ കാറിൽനിന്നിറങ്ങി വന്ന് ' നീ എടുത്ത് മാറ്റില്ലേടാ' എന്ന് ആക്രോശിച്ച് കാറിന്റെ താക്കോൽ ഊരിയെടുക്കാൻ ശ്രമിച്ചെന്നും തുടർന്ന് തന്നെ കാറിൽ നിന്ന് വലിച്ചു പുറത്തിറക്കി എംഎൽഎ മർദ്ദിക്കുകയായിരുന്നുവെന്നും അനന്തകൃഷ്ണൻ പരാതിയിൽ പറയുന്നു. മകനെ മർദ്ദിക്കുന്നത് കണ്ട് ചോദ്യം ചെയ്ത ഷീനയെ എംഎൽഎ അസഭ്യം പറഞ്ഞതായും പരാതിയിലുണ്ട്. ഇതിന് പിന്നാലെയാണ് ഡ്രൈവറെത്തി അനന്തകൃഷ്ണനെ മർദ്ദിച്ചത്.

Top Stories
Share it
Top