കീഴാറ്റൂർ ബൈപ്പാസ് : ഭിക്ഷാടന സമരവുമായി വയൽക്കിളികൾ

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയപാതാ ബൈപാസ് നിര്‍മ്മിക്കുന്നതിനെതിരെ സമരം ചെയ്ത വയല്‍ക്കിളി പ്രവര്‍ത്തകര്‍ക്കെതിരെ പിഴശിക്ഷ ഉള്‍പ്പടെയുള്ള...

കീഴാറ്റൂർ ബൈപ്പാസ് : ഭിക്ഷാടന സമരവുമായി വയൽക്കിളികൾ

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയപാതാ ബൈപാസ് നിര്‍മ്മിക്കുന്നതിനെതിരെ സമരം ചെയ്ത വയല്‍ക്കിളി പ്രവര്‍ത്തകര്‍ക്കെതിരെ പിഴശിക്ഷ ഉള്‍പ്പടെയുള്ള കുറ്റം ചുമത്തിയ പൊലീസ് നീക്കത്തിനെതിരെ ഭിക്ഷാടന സമരവുമായി സമരസമിതി. സമരത്തില്‍ പങ്കെടുത്ത 49 വയല്‍ക്കിളി പ്രവര്‍ത്തകര്‍ക്കെതിരെയും സമര ഐക്യദാര്‍ഢ്യ സമിതിയില്‍പ്പെട്ട ഏഴ് പേര്‍ക്കെതിരെയുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സ്ഥലമേറ്റെടുക്കുന്നതില്‍ പ്രതിഷേധിച്ച് സമരക്കാര്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. തുടര്‍ന്ന് കൂടുതല്‍ പൊലീസിനെ വിന്യസിച്ച് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയാണ് സ്ഥലമേറ്റെടുപ്പ് നടന്നത്.

പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, റവന്യു ജീവനക്കാരെ തടയല്‍ എന്നീ കുറ്റങ്ങള്‍ക്ക് ഐപിസി 143, 149, 147, 186 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. കേസില്‍ ജൂലൈ 3 ന് ഹാജരാവാന്‍ സമരക്കാര്‍ക്ക് സമന്‍സ് അയച്ചിട്ടുണ്ട്. കേസ് നടത്തിപ്പിന് വേണ്ടി തളിപ്പറമ്പ് നഗരത്തില്‍ പിച്ചതെണ്ടി പണം സ്വരൂപിക്കാനാണ് വയല്‍ക്കിളികള്‍ ലക്ഷ്യമിടുന്നത്. സമരത്തിന് കൂടുതല്‍ ജനകീയ ശ്രദ്ധയാകര്‍ഷിക്കാന്‍ ഇതില്‍ കൂടി സാധ്യമാകും. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ ഭേദഗതിക്കെതിരെ 25 ന് വൈകിട്ട് അഞ്ച് മണിക്ക് പ്രതിഷേധ ജ്വാല സംഘടിപ്പിക്കാനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്.

സിപിഐഎം പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ ഭീഷണിയെ തള്ളിക്കൊണ്ടാണ് പ്രദേശവാസികള്‍ സമരത്തിനിറങ്ങിയത്. ബഹുജന സമരത്തില്‍ പങ്കെടുത്തിന് പതിനൊന്നോളം പാര്‍ട്ടിമെമ്പര്‍മാര്‍ക്കെതിരെ സിപിഐഎം നേതൃത്വം നടപടിയെടുത്തിരുന്നു. കീഴാറ്റൂര്‍ വഴി വയല്‍ നികത്തി ദേശീയപാത നിര്‍മ്മിച്ചാല്‍ നൂറുകണക്കിന് ഏക്കര്‍ വയല്‍ കൃഷിയോഗ്യമല്ലാതാവുന്നതോടൊപ്പം ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതവുമുണ്ടാകും. ഇതെല്ലാം അവഗണിച്ച് കൊണ്ടാണ് സര്‍ക്കാര്‍ ഭൂമിയേറ്റെടുക്കലുമായി മുന്നോട്ട് പോയത്. ഭൂമാഫിയകളെ സഹായിക്കുന്നതിന് വേണ്ടിയാണ് കീഴാറ്റൂര്‍ വയല്‍ നികത്തി ബൈപാസ് നിര്‍മ്മിക്കുന്നതെന്നാണ് സമരക്കാരുടെ വാദം.

Read More >>