ജനന-മരണ നിരക്കില്‍ കേരളം പുരോഗതിയില്‍; മാറ്റത്തിന് പ്രവാസത്തിന് നിര്‍ണായക പങ്ക്

തിരുവനന്തപുരം: കേരളം ജനസംഖ്യാപരമായി പുരോഗതി കൈവരിച്ചതായി പഠനം. ജനന-മരണ നിരക്കില്‍ വലിയ നേട്ടം കൈവരിച്ചതായിട്ടാണ് പുതിയ സ്ഥിതിവിവരങ്ങള്‍...

ജനന-മരണ നിരക്കില്‍ കേരളം പുരോഗതിയില്‍; മാറ്റത്തിന് പ്രവാസത്തിന് നിര്‍ണായക പങ്ക്

തിരുവനന്തപുരം: കേരളം ജനസംഖ്യാപരമായി പുരോഗതി കൈവരിച്ചതായി പഠനം. ജനന-മരണ നിരക്കില്‍ വലിയ നേട്ടം കൈവരിച്ചതായിട്ടാണ് പുതിയ സ്ഥിതിവിവരങ്ങള്‍ വ്യക്തമാക്കുന്നതെന്ന് സെന്റര്‍ ഫോര്‍ ഡിവലപ്പ്‌മെന്റ് സറ്റഡീസിലെ ജനസംഖ്യ പഠന വിദഗ്ധന്‍ എസ് ഇരുദയ രാജന്‍. മലയാളികള്‍ തൊഴിലിനുവേണ്ടി നടത്തുന്ന പ്രവാസമാണ് ഈ പുരോഗതിയുണ്ടാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സാമ്പത്തിക പുരോഗതിക്കും ജനന-മരണ നിരക്കിലും പ്രവസാത്തിന്റെ പങ്ക് അന്വേഷിക്കുന്ന പഠനത്തിലാണ് ഇരുദയ രാജന്റെ കണ്ടെത്തല്‍.

'' 1989 നുശേഷം 25 നു താഴെ ശിശുമരണ നിരക്ക് കൈവരിച്ച ആദ്യ സംസ്ഥാനമാണ് കേരളം. ഈ നിരക്ക് തന്നെ 2016-ല്‍ കേരളം വീണ്ടും 10 ആയി കുറച്ചു. 2016-ല്‍ ദേശീയ നിരക്ക് 34 ആയിരുന്നു. കേരളത്തോടൊപ്പം എത്താന്‍ ഇന്ത്യക്ക് ഒരുപാട് ദൂരം സഞ്ചരിക്കേണ്ട സാഹചര്യമാണ്.'' ഇരുദയ രാജന്‍ പറഞ്ഞു.

1951-60 കാലഘട്ടത്തില്‍ ആണ്‍-പെണ്‍ പ്രതീക്ഷിത ആയുസ് 44.2 വയസും 48.1 വയസുമായിരുന്നു. 2011-15 മിടയില്‍ ഇത് 72.2 വയസും 78.2 വയസുമായിരുന്നു. മരണനിരക്കില്‍ കുറവുണ്ടായതുപോലെ ജനന നിരക്കിലും വലിയ കുറവുണ്ടായി. ജനന നിരക്കില്‍ 1987 ലെ അവസ്ഥ മറികടന്ന ഒരേ ഒരു സംസ്ഥാനം കേരളമാണെന്നും ഇരുദയ രാജന്‍ പറഞ്ഞു. കേരളത്തിന്റെ മൊത്ത ജനന നിരക്ക് 1.6 ശതമാനമായി കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ജനന-മരണ നിരക്കില്‍ ഉണ്ടായ കുറവ് സ്വാഭാവിക ജനസംഖ്യവര്‍ദ്ധനവിനേയും കുറയ്ക്കാനിടയാക്കിയെന്നും അദ്ദേഹം പറഞ്ഞു. 1961 ലെ കേരള ജനസംഖ്യ 16.9 ദശലക്ഷമായിരുന്നു. ഇത് 2011 ആയപ്പോഴേക്കും 33.4 ദശലക്ഷമായി അതായത് ഇരട്ടിയായി വര്‍ദ്ധിക്കുകയായിരുന്നു. ഈ നേട്ടത്തിന്റെ പ്രേരകം മദ്ധ്യപൗരസ്ത്യദേശത്തേക്കുളള മലയാളിയുടെ കുടിയേറ്റമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 24 ലക്ഷം പേരാണ് 2013 ലെ കണക്കുപ്രകാരം കേരളത്തില്‍ നിന്നും പുറം രാജ്യങ്ങളിലേക്ക് തൊഴിലിനു വേണ്ടി പോയത്. 2016 ല്‍ അത് 22 ലക്ഷമായി കുറഞ്ഞു. 1961-81 കാലയളവില്‍ കേരളത്തില്‍ നിന്നും രാജ്യത്തിനകത്തേക്കായിരുന്നു മുഖ്യമായും തൊഴിലിനു വേണ്ടിയുളള കുടിയേറ്റം ഉണ്ടായത്. മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഡല്‍ഹി തുടങ്ങിയ രാജ്യത്തെ മറ്റിടങ്ങളിലേക്കായിരുന്നു കുടിയേറ്റം.

പരമ്പരാഗതമായി പോകുന്ന ഇടങ്ങളിലേക്ക് കേരളത്തില്‍ നിന്നുളള കുടിയേറ്റ പ്രവണതയില്‍ ഇപ്പോള്‍ കാര്യമായ മാറ്റം ഉണ്ടായിട്ടുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

Read More >>