കേരള ബാങ്കിനായി ജില്ലാ സഹകരണ ബാങ്കുകളുടെ ശാഖകൾ പൂട്ടില്ല: കടകംപള്ളി സുരേന്ദ്രൻ

Published On: 2018-06-27T18:15:00+05:30
കേരള ബാങ്കിനായി ജില്ലാ സഹകരണ ബാങ്കുകളുടെ ശാഖകൾ പൂട്ടില്ല: കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: കേരള ബാങ്ക‌് രൂപീകരണവുമായി ബന്ധപ്പെട്ട‌് ജില്ലാ സഹകരണ ബാങ്കിന്റെ ഒരു ശാഖയും പൂട്ടില്ലെന്ന‌് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേരള ബാങ്ക‌് രൂപീകരണവുമായി ബന്ധപ്പെട്ട‌് ജില്ലാ സഹകരണ ബാങ്ക‌് ശാഖകൾ പൂട്ടുന്നുവെന്ന പ്രചാരണം അസത്യമാണ‌്. തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കിന്റെ നാലു ശാഖകൾ പൂട്ടുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിന‌് കേരള ബാങ്കിന്റെ രൂപീകരണവുമായി ബന്ധമില്ല മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളില്‍ നഷ്ടത്തിലൂള്ള ഏക ബാങ്കാണ് തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്ക്. ബാങ്ക‌് ഭരണ സമിതിയുടെ തീരുമാനപ്രകാരമാണ‌് ശാഖകൾ പൂട്ടാൻ തീരുമാനിച്ചത‌്. ബോർഡ‌് തീരുമാനത്തിന‌് ജീവനക്കാരുടെ പൂർണ പിന്തുണയുമുണ്ട‌്.

യുഡിഎഫ‌് ഭരണ സമിതിയുടെ കാലത്തുനടന്ന അഴിമതിയും കെടുകാര്യസ്ഥതയുംമൂലമുണ്ടായ കനത്ത നഷ്ടം കുറയ‌്ക്കുന്നതിന്റെ ഭാഗമായി നഷ്ടം മാത്രം വരുത്തുന്ന ഏതാനും ശാഖകൾ ഒഴിവാക്കാനായിരുന്നു തീരുമാനം. ബാങ്കിനെ നഷ്ടത്തിൽനിന്ന‌് കരക്കയറ്റാൻ സർക്കാർ എല്ലാ സഹായവും ചെയ്യുന്നുണ്ട‌്. ശാഖ പൂട്ടലുമായി ബന്ധപ്പെട്ട‌് ജീവനക്കാർക്ക‌് ഒരു ആശങ്കയും വേണ്ടെന്നും മന്ത്രി പറഞ്ഞു.

Top Stories
Share it
Top