രാജ്യസഭാ സീറ്റ് കേരള കോൺ​ഗ്രസിന്; ഒറ്റത്തവണത്തേക്കെന്ന് ഉമ്മൻ ചാണ്ടി

Published On: 2018-06-07T19:15:00+05:30
രാജ്യസഭാ സീറ്റ് കേരള കോൺ​ഗ്രസിന്; ഒറ്റത്തവണത്തേക്കെന്ന് ഉമ്മൻ ചാണ്ടി

- കോണ്‍ഗ്രസ് രാജ്യസഭയിലേക്ക് മത്സരിക്കണമെന്ന് സുധീരന്‍

- മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയ അവസ്ഥയാണിതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

- ആത്മാഭിമാനം പണയപ്പെടുത്തരുതെന്ന് ഡീന്‍ കുര്യാക്കോസ്

ന്യൂഡൽഹി: പി.ജെ. കുര്യൻ ഒഴിയുന്ന രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസ് (എം)ന് നൽകാൻ തീരുമാനം. സീറ്റ് കെെമാറ്റത്തിന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി അനുവാദം നൽകി. എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി,​ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,​ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസൻ എന്നിവർ രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം തീരുമാനമായത്.

പ്രത്യേക കേസായി പരിഗണിച്ചാണ് കേരളാ കോൺഗ്രസിന് ഇത്തവണ സീറ്റ് നൽകാൻ തീരുമാനിച്ചതെന്ന് ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ നേതാക്കൾ വ്യക്തമാക്കി. ഇതു സംബന്ധിച്ച അന്തിമ തീരുമാനം നാളെ നടക്കുന്ന യു.ഡി.എഫ് യോഗത്തിൽ അറിയിക്കുമെന്നും എം.എം ഹസൻ വ്യക്തമാക്കി. കോട്ടയം ലോക്സഭാ മണ്ഡലത്തിലും കേരളാ കോൺഗ്രസ്(എം) തന്നെ മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.ഡി.എഫിനെ കൂടുതൽ ശക്തമാക്കി ഇടതുപക്ഷ സർക്കാരിനെയും ബി.ജെ.പിക്കെതിരെയും ഒറ്റക്കെട്ടായി പോരാടാനാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു . തീരുമാനം ആരുടെയും സമ്മർദത്തിന്റെ ഭാഗമായിട്ടല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

മുസ്‍‌ലിം ലീഗ് ഇതു സംബന്ധിച്ചു കർക്കശമായ നിലപാടു കൈക്കൊള്ളുന്നതാണു കോൺഗ്രസിനെ വിട്ടുവീഴ്ചയ്ക്കു പ്രേരിപ്പിച്ചത്. ഒരു തവണത്തേക്കുള്ള ധാരണ മാത്രമാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. നാളെ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും യോഗം ചേരും. മാണി യൂഡിഎഫിലേക്കെന്ന പ്രഖ്യാപനം നാളെയുണ്ടാകും.

അതേസമയം സീറ്റ് വിട്ടു നൽകിയതിനെ മുൻ കെപിസിസി അധ്യക്ഷൻ വിമർശിച്ചു. കോണ്‍ഗ്രസ് രാജ്യസഭയിലേക്ക് മത്സരിക്കണമെന്ന് സുധീരന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി കെപിസിസി അധ്യക്ഷന്‍ എം.എം ഹസനെയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയേയും അദ്ദേഹം ഫോണില്‍വിളിച്ച് സംസാരിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി സുധീരന്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയ അവസ്ഥയാണിതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ആത്മാഭിമാനം പണയപ്പെടുത്തരുതെന്ന് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.

Top Stories
Share it
Top