കവളപ്പാറ; രണ്ട് മൃതദേഹം കൂടി കണ്ടെത്തി; പുത്തുമലയിലും തിരച്ചില്‍ തുടരുന്നു

മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരണപ്പെട്ടവരുടെ എണ്ണം 104

കവളപ്പാറ; രണ്ട്  മൃതദേഹം കൂടി കണ്ടെത്തി; പുത്തുമലയിലും തിരച്ചില്‍ തുടരുന്നു


നിലമ്പൂര്‍: പ്രളയം കവര്‍ന്നെടുത്ത കവളപ്പാറയില്‍ നിന്ന് ഇന്ന് ഒരു മൃതദേഹം കൂടി ലഭിച്ചു. ഇതോടെ കവളപ്പാറയില്‍ മണ്ണിനടിയില്‍ കുടുങ്ങിയവരില്‍ 32 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇനിയും 27 പേരെ കൂടി കണ്ടെത്താനുണ്ട്. ഇതോടെ മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരണപ്പെട്ടവരുടെ എണ്ണം 104 ആയി. ഉരുള്‍പൊട്ടല്‍ വന്‍ദുരന്തം വിതച്ച നിലമ്പൂര്‍ കവളപ്പാറയില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ രാവിലെ ഏഴരയോടെ തുടങ്ങിയത്. 14 മണ്ണ് മാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുന്നത്. മണ്ണിടിഞ്ഞ പ്രദേശം നാല് ഭാഗമായി തിരിച്ചാണ് തിരച്ചില്‍.

പുത്തുമലയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും ഇന്ന് പ്രത്യേകം തെരച്ചില്‍ നടത്തും.അതിശക്തമായ മണ്ണിടിച്ചിലുണ്ടായ വയനാട് പുത്തുമലയില്‍ ഇനി ഏഴുപേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് അധികൃതരുടെ കണക്ക്. ആകെ 10 മൃതദേഹങ്ങളാണ് ഇവിടെ നിന്ന് ഇതുവരെ കിട്ടിയത്. തുടര്‍ച്ചയായ മൂന്നാം ദിവസവും പുത്തുമലയില്‍ നിന്ന് ആരെയും കണ്ടത്താനായില്ല. നാട്ടുകാര്‍ പറഞ്ഞ സാധ്യതകള്‍ക്കനുസരിച്ചായിരുന്നു ഏക്കറുകണക്കിന് ഭൂമിയില്‍ കഴിഞ്ഞ മൂന്ന് ദിവസവും മണ്ണുമാന്തി ഉപയോഗിച്ച് തെരച്ചില്‍ നടത്തിയത്. മനുഷ്യര്‍ കുടുങ്ങിക്കിടക്കുന്നയിടം പ്രവചിച്ച് ഭൂപടം തയ്യാറാക്കിയും പുത്തുമലയിലെ ഇന്നലത്തെ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

സ്‌കാനറുകള്‍ അടക്കമുള്ള സാങ്കേതിക വിദ്യയൊന്നും ഇതുവരെ കൊണ്ടു വന്നിട്ടില്ല. അതൊന്നും പുത്തുമലയില്‍ പ്രാവര്‍ത്തികമല്ലെന്നാണ് ദുരന്തനിവാരണ സേനയുടെ അഭിപ്രായം. പാറക്കല്ലുകളും മരത്തടികളും നിറഞ്ഞ ദുരന്തഭൂമിയില്‍ സ്‌കാനറുകള്‍ പരാജയപ്പെടുമെന്നാണ് നിഗമനം. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ചതുപ്പായിക്കഴിഞ്ഞു പുത്തുമല. മണ്ണുമാന്തിയന്ത്രങ്ങള്‍ പലപ്പോഴും ചതുപ്പില്‍ പുതഞ്ഞു പോവുന്നത് പ്രതിസന്ധി രൂക്ഷമാക്കുകയാണ്. ഏറ്റവുമൊടുവില്‍ എറണാകുളത്ത് നിന്ന് മണം പിടിച്ച് മൃതദേഹം കണ്ടെത്തുന്ന സ്‌നിഫര്‍ നായ്ക്കളെ കൊണ്ടുവന്ന് തെരച്ചില്‍ നടത്താനാണ് ശ്രമം.അതേസമയം, സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 103 ആയി. സംസ്ഥാനത്ത് രണ്ട് ദിവസത്തിനുള്ളില്‍ മഴയുടെ ശക്തി കുറയുമെന്നാണ് പ്രവചനം. തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്നലെ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്തു. ഇന്ന് ഒരിടത്തും റെഡ് അലര്‍ട്ടില്ല. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ മാത്രമാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട്. വയനാട്, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

Read More >>