പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ ധനസഹായം; മരിച്ചവരുടെ ആശ്രിതര്‍ക്ക് നാല് ലക്ഷം രൂപ

പട്ടികയില്‍ നിന്ന് അനര്‍ഹരെ തുരത്തും

പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ ധനസഹായം; മരിച്ചവരുടെ ആശ്രിതര്‍ക്ക് നാല് ലക്ഷം രൂപ


തിരുവനന്തപുരം: പ്രളയബാധിതര്‍ക്ക് അടിയന്തിരമായി ധനസഹായം വിതരണം ചെയ്യുമെന്ന് മന്ത്രി സഭായോഗം തീരുമാനിച്ചു. പ്രളയത്തില്‍ വീടിന് നാശം സംഭവിച്ചവര്‍ക്ക് 10,000 രൂപ, മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ, വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപ, വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ എന്നിങ്ങനെയാണ് നല്‍കുക. കഴിഞ്ഞ വര്‍ഷത്തെ സഹായധനത്തിന് സമാനമായാണ് ധനസഹായം പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം ആറു ലക്ഷത്തിലേറെ കുടുംബങ്ങള്‍ക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10,000 രൂപ വീതം അടിയന്തര സഹായം നല്‍കിയത്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി ഈ വര്‍ഷം ധനസഹായത്തിന് അര്‍ഹരായവരുടെ പട്ടിക വില്ലേജ് ഓഫീസറും, പഞ്ചായത്ത് സെക്രട്ടറിയും ചേര്‍ന്നാണ് തയ്യാറാക്കുക. തയ്യാറായ പട്ടിക പഞ്ചായത്ത ഓഫീസിലും, വില്ലേജ് ഓഫീസിലും പ്രദര്‍ശിപ്പിക്കും. ആര്‍ക്കെങ്കിലും ക്ഷേപമുണ്ടെങ്കില്‍ അറിയിക്കാം. നടപടികളെടുക്കും. ആക്ഷേപങ്ങളില്ലാത്ത സാഹചര്യത്തില്‍ ഉടന്‍ ധനസഹായ വിതരണം ആരംഭിക്കും. അനര്‍ഹരെ തുരത്താനാണ് ഇത്തരത്തിലുള്ള നടപടിയെന്നും മന്ത്രിസഭായോഗം വിശദീകരിച്ചു.

ദുരന്തബാധിത മേഖലയിലെയും തീരദേശ മേഖലയിലെയും എല്ലാ കുടുംബങ്ങള്‍ക്കും 15 കിലോ വീതം സൗജന്യ അരി നല്‍കും. ഇത്തവണ ഉരുള്‍പൊട്ടലാണ് കൂടുതല്‍ നാശം വിതച്ചത്. 64 ഉരുള്‍പൊട്ടലുകളാണുണ്ടായത്. അര്‍ഹമായ വില്ലേജുകളെ കാലവര്‍ഷക്കെടുതി ബാധിച്ച പ്രദേശങ്ങളായി പ്രഖ്യാപിക്കും. ദുരന്ത നിവാരണ ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് പ്രഖ്യാനത്തിന് ദുരന്ത നിവാരണ അതോറിട്ടിയെ ചുമതലപ്പെടുത്തി. പ്രളയ ജലം പ്രവേശിച്ച വീടുകളും ഭാഗികമായോ പൂര്‍ണ്ണമായോ തകര്‍ച്ച നേരിട്ട വീടുകള്‍, ഇവിടങ്ങളില്‍ താമസിച്ച കുടുംബങ്ങള്‍, പ്രകൃതി ദുരന്ത സാധ്യത കണക്കാക്കി മുന്നറിയിപ്പ് പ്രകാരം സര്‍ക്കാര്‍ അംഗീകൃത ക്യാംപുകളില്‍ താമസിച്ചവരെയും ദുരന്ത ബാധിത കുടുംബമായി കണക്കാക്കും. കാലവര്‍ഷക്കെടുതിയുടെയും വ്യാപാര സ്ഥാപനങ്ങളുടെയും നഷ്ടപരിഹാരം സംബന്ധിച്ച ശുപാര്‍ശ നല്‍കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. കേന്ദ്രസര്‍ക്കാരിനോട് ധനസഹായം ആവശ്യപ്പെടാന്‍ മെമ്മോറാണ്ടം തയ്യാറാക്കും. ചീഫ് സെക്രട്ടറി, ആഭ്യന്തര, ധനകാര്യ, കൃഷി അഡീഷണല്‍ ചീഫ് സെക്രട്ടറി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരടങ്ങുന്ന സമിതിയെ ചുമതലപ്പെടുത്തി.

കൃഷിനാശവും കുടിവെള്ള പദ്ധതികള്‍ക്കും തകര്‍ച്ച നേരിട്ടു. ജലസേചന പദ്ധതികള്‍ തകരാറിലായി. റോഡുകളും കെട്ടിടങ്ങളും പുനര്‍നിര്‍മ്മിക്കേണ്ടതുണ്ട്. കഴിഞ്ഞ പ്രളയ കാലത്തെ അതേ മാനദണ്ഡപ്രകാരം പണം അനുവദിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന സംഭാവനകള്‍ കൈമാറി നല്‍കുന്നതിന് പൊതുമേഖല, സഹകരണ ബാങ്കുകള്‍ സാധാരണ കമ്മീഷന്‍ ഈടാക്കുന്നുണ്ട്. ഈ കമ്മീഷന്‍ ഒഴിവാക്കാന്‍ സംസ്ഥാന ബാങ്ക് സമിതിയോട് ആവശ്യപ്പെടും. ദുരിതബാധിതരുടെ നിക്ഷേപമുള്ള ബാങ്കുകളിലെ മിനിമം ബാലന്‍സ് തുക എന്ന നിബന്ധന ഒഴിവാക്കാന്‍ ആവശ്യപ്പെടും.

ദുരന്തത്തില്‍ പരിസ്ഥിതി പ്രശ്നങ്ങളും ഒരു ഘടകമാണ്. ഇക്കാര്യത്തില്‍ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തും. ദുരന്ത തീവ്രത വര്‍ധിപ്പിക്കുന്ന പാരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ കണ്ടെത്തി പരിഹരിക്കും. ഈ ഘട്ടത്തില്‍ ലഭിക്കുന്ന നിയമപരമായ ഏതു സഹായവും സ്വീകരിക്കേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷത്തെ പ്രളയം അതിജീവിക്കാന്‍ 31,000 കോടി രൂപ വേണമെന്നാണ് യു.എന്‍ ഏജന്‍സികള്‍ വിലയിരുത്തിയത്. ഈ വര്‍ഷം അത് വര്‍ധിച്ചു. അതിനനുസരിച്ചുള്ള വിഭവ സമാഹരണമാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More >>