കവളപ്പാറ; പോസറ്റ്‌മോര്‍ട്ടത്തിനായി തുറന്ന് കൊടുത്തത് നിസ്‌കാര ഹാള്‍, ഇത് സമാനതകളില്ലാത്ത കാഴ്ച

കവളപ്പാറയിലെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ പള്ളിയിലെ നിസ്‌കാരഹാള്‍ തുറന്നുകൊടുത്തു

കവളപ്പാറ; പോസറ്റ്‌മോര്‍ട്ടത്തിനായി തുറന്ന് കൊടുത്തത് നിസ്‌കാര ഹാള്‍, ഇത് സമാനതകളില്ലാത്ത കാഴ്ച


നിലമ്പൂര്‍: ആര്‍ത്തലച്ച് വന്ന ദുരിതപ്പെയ്ത്തില്‍ ജീവന്‍ നഷ്ടപ്പെട്ട നൂറുകണക്കിനാളുകളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ പള്ളിവാതില്‍ തുറന്നുകൊടുത്ത് പള്ളികമ്മിറ്റിക്കാര്‍. മതവും ജാതിയും മാറ്റിനിര്‍ത്തി, മനുഷ്യരെല്ലാം ഒന്നാണെന്നും ദുരന്തത്തെ ഒന്നിച്ച് അതിജീവിക്കാമെന്നും പറയാതെ പറയുകയാണിവര്‍. സമാനതകളില്ലാത്ത ഒത്തൊരുമയും നന്മയും കൊണ്ട് കേരളം വീണ്ടും പുനര്‍ജനിക്കുന്ന കാഴ്ചയാണ് ദുരന്തമുഖത്ത് നിരന്തരമായി കണ്ടുകൊണ്ടിരിക്കുന്നത്.

പോസ്റ്റ്മോര്‍ട്ടം സൗകര്യമുള്ള നിലമ്പൂര്‍ താലൂക്ക് ആശുപത്രി ദുരന്തസ്ഥലത്ത് നിന്നും 45 കിലോമീറ്റര്‍ ദൂരത്താണെന്നുള്ളത് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വൈകുന്നതിന് കാരണമായതിനെ തുടര്‍ന്നാണ് പള്ളിയുടെ നിസ്‌കാര ഹാള്‍ കമ്മിറ്റിക്കാര്‍ തുറന്നുകൊടുത്തത്. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് നിന്നും ലഭിക്കുന്ന അഴുകിത്തുടങ്ങിയ മൃതദേഹങ്ങള്‍ 45 കിലോമീറ്റര്‍ ദൂരത്തുള്ള നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നത് ഏറെ ശ്രമകരമായ കാര്യമായിരുന്നു. പോത്തുകല്ല് പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്നു ഏറ്റവും അടുത്ത ആശുപത്രി എങ്കിലും സൗകര്യം തീരെ കുറവായതിനാല്‍ ഇവിടെ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ ബുദ്ധിമുട്ടായിരുന്നു. സമീപത്തെ സ്‌കൂളുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നതിനാല്‍ ഇവിടേയും പോസ്റ്റ്മോര്‍ട്ടം നടത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് സംഭവസ്ഥലത്ത് നിന്നും പത്ത് മിനിറ്റ് മാത്രം ദൂരത്തുള്ള പോത്തുകല്ല് മുജാഹിദ് പള്ളി ഭാരവാഹികളെ അധികൃതര്‍ സമീപിച്ചത്.

നിറഞ്ഞ മനസോടെ സമ്മതം നല്‍കുക മാത്രമല്ല, അവര്‍ തന്നെ മുന്‍കൈയ്യെടുത്ത് പള്ളിയുടെ ഹാള്‍ ഒരുക്കികൊടുക്കുകയും ചെയ്തു. ടേബിളുകളും ലൈറ്റുമടക്കം എല്ലാ സജ്ജീകരണങ്ങളും പള്ളി ഭാരവാഹികള്‍ ചെയ്തുകൊടുത്തു.വെള്ളിയാഴ്ച്ച ദിവസങ്ങളില്‍ സ്ത്രീകള്‍ നിസ്‌കരിക്കുന്ന ഹാളാണ് പോസ്റ്റ്മോര്‍ട്ടത്തിനുള്ള മുറിയായി സജ്ജീകരിച്ചത്. ചൊവ്വാഴ്ച മാത്രം നാല് മൃതദേഹങ്ങള്‍ പള്ളിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തു.ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് പള്ളിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തതെന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഡോക്ടര്‍ പറഞ്ഞു. നാല് ദിവസം കൊണ്ട് 7 മൃതദേഹങ്ങളാണ് ഇവിടെ പോസ്റ്റ്മോര്‍ട്ടം ചെയ്തത്. ആളെ തിരിച്ചറിയാനാവാത്ത വിധം അഴുകിയ നിലയിലുള്ള മൃതദേഹം ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിയാനാണ് ശ്രമിക്കുന്നതെന്ന് മെഡിക്കല്‍ സംഘത്തിലെ പ്രതിനിധി പറഞ്ഞു

Read More >>