ശബരിമല സ്ത്രീ പ്രവേശനം: തിങ്കളാഴ്ചത്തെ ഹര്‍ത്താലിനെതിരെ ഹൈക്കോടതി

Published On: 27 July 2018 2:45 PM GMT
ശബരിമല സ്ത്രീ പ്രവേശനം: തിങ്കളാഴ്ചത്തെ ഹര്‍ത്താലിനെതിരെ ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ ഹൈക്കോടതി. വാഹനങ്ങള്‍ ബലം പ്രയോഗിച്ച് തടയുന്നില്ലെന്ന് പൊലീസ് ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ പോലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സേ നോ ടു ഹര്‍ത്താല്‍ പ്രതിനിധികളാണ് ഹര്‍ത്താലിനെതിരെ കോടതിയെ സമീപിച്ചത്.

സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ടുളള പ്രതിഷേധം ശക്തമാക്കാനാണ് തിങ്കളാഴ്ച ഹിന്ദു സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. അയ്യപ്പധര്‍മ്മ സേന. വിശാല വിശ്വകര്‍മ്മ ഐക്യവേദി, ശ്രീരാമ സേന, ഹനുമാന്‍ സേന ഭാരത് എന്നീ സംഘടനകള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഹര്‍ത്താല്‍ പ്രഖ്യാപനം നടത്തിയത്.

അതേസമയം തിങ്കളാഴ്ചത്തെ ഹർത്താലിനെ പിന്തുണയ്ക്കില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്.ബിജു അറിയിച്ചു. ഹൈന്ദവ സംഘടനകളുടെ അഭിപ്രായം പോലും കേൾക്കാതെ ഏകപക്ഷീയമായി പ്രഖ്യാപിച്ച ഹർത്താൽ പൊതുസമൂഹത്തിന്റെ എതിർപ്പിന് കാരണമാകും എന്നതിനാലാണു ഹിന്ദു ഐക്യവേദി പിന്തുണയ്ക്കാത്തതെന്ന് ഇ.എസ്.ബിജു പറഞ്ഞു.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെ അനുകൂലിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച സാഹചര്യത്തിലാണ് സംഘടന പ്രതിഷേധ ഹര്‍ത്താലുമായി മുന്നോട്ട് വന്നിരിക്കുന്നത്.

Top Stories
Share it
Top