കേരളത്തില്‍ കാലവര്‍ഷം 29ന്

Published On: 2018-05-18 13:30:00.0
കേരളത്തില്‍ കാലവര്‍ഷം 29ന്

ന്യൂഡല്‍ഹി: കേരളത്തില്‍ ഇത്തവണ കാലവര്‍ഷം നേരത്തെയെത്തും. മേയ് 29ന് കേരളത്തില്‍ മണ്‍സൂണ്‍ ആരംഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. സാധാരണ ജൂണ്‍ ഒന്നിനാണ് മണ്‍സൂണ്‍ ആരംഭിക്കുക. ഇത്തവണ മൂന്ന് ദിവസം നേരത്തെയാണ്.

കേരള തീരത്ത് ആരംഭിക്കുന്ന മണ്‍സൂണ്‍ 45 ദിവസത്തിനകം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കും. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 97 ശതമാനം മഴലഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതിനിടെ ഏദന്‍ ഗള്‍ഫ് പ്രദേശത്ത് നിന്ന് സാഗര്‍ ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തേക്ക് അടുക്കുകയാണ്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ലക്ഷദ്വീപ്, കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ചണ്ഡീഗഡ്, ഒഡീഷ, സിക്കിം, പശ്ചിമബംഗാള്‍, ബിഹാര്‍, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ക്ക് ദേശീയ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഈ സംസ്ഥാനങ്ങളില്‍ കനത്ത കാറ്റിനും ഇടിയോടുകൂടിയ മഴയ്ക്കും സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Top Stories
Share it
Top