ഗ്രേഡിങ്ങിലൂടെ പദവി മാറ്റം ലഭിച്ചവര്‍ക്ക് അതേ പദവിയില്‍ സ്ഥാനക്കയറ്റത്തിനൊപ്പം സ്ഥലം മാറ്റവും; പൊലീസിലെ സ്ഥാനക്കയറ്റം സേനയില്‍ അതൃപ്തി

സേനയില്‍ ശക്തമായ എതിര്‍പ്പ് ഉയരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് കേരളാ പൊലീസ് അസോസിയേഷന്‍ നേതാക്കള്‍

ഗ്രേഡിങ്ങിലൂടെ പദവി മാറ്റം ലഭിച്ചവര്‍ക്ക് അതേ പദവിയില്‍ സ്ഥാനക്കയറ്റത്തിനൊപ്പം സ്ഥലം മാറ്റവും; പൊലീസിലെ സ്ഥാനക്കയറ്റം സേനയില്‍ അതൃപ്തി

കോഴിക്കോട്: സംസ്ഥാന പൊലീസിലെ സ്ഥാനക്കയറ്റം അശാസ്ത്രീയമാണെന്ന് ആക്ഷേപമുയരുന്നു. എ.എസ്.ഐ, എസ്.ഐ തസ്തികകളിലെക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നവരെ ജില്ലയ്ക്ക് പുറത്ത് നിയമിക്കുന്നതായാണ് പരാതി. ഗ്രേഡിങ്ങ് വഴി എ.എസ്.ഐ, എസ്.ഐ പദവി ലഭിച്ചവര്‍ക്ക് പോലും സീനിയോറിറ്റി അടിസ്ഥാനത്തില്‍ ഇതേ പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുമ്പോള്‍ ജില്ലയ്ക്ക് പുറത്താണ് നിയമനം ലഭിക്കുന്നത്. റെയ്ഞ്ച് തലത്തില്‍ സ്ഥാനക്കയറ്റം നിര്‍ണ്ണയിക്കുന്നതാണ് ഇതിന് കാരണം. ഈ സാഹചര്യത്തില്‍ എസ്.ഐ തസ്തിക വരെയുള്ള സ്ഥാനക്കയറ്റം ജില്ലാ അടിസ്ഥാനത്തിലേക്ക് മാറ്റണമെന്ന ആവശ്യം ശക്തമാവുകയാണ്.

സീനിയോറിറ്റിയുമായി ബന്ധപ്പെട്ട നിയമ നടപടികളില്‍ കുരുങ്ങി എട്ട് വര്‍ഷമായി മുടങ്ങി കിടന്ന സ്ഥാനക്കയറ്റം മെയ്യ് അവസാന വാരമാണ് പുനരാരംഭിച്ചത്. സ്ഥാനക്കയറ്റത്തോടൊപ്പം ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലം മാറ്റം ലഭിച്ച ഉദ്യോഗസ്ഥരുടെ മക്കളുടെ പഠനം ഉള്‍പ്പടെ താളംതെറ്റുന്നതായും പരാതിയുണ്ട്. സ്ഥാനക്കയറ്റ ഉത്തരവ് പുറത്തുവരുമ്പോഴേക്കും പുതിയ അദ്ധ്യയന വര്‍ഷം തുടങ്ങിയിരുന്നു. സ്‌കൂള്‍ മാറ്റം ഉള്‍പ്പടെ വിലങ്ങു തടിയായതോടെ ഭൂരിഭാഗം പേര്‍ക്കും കുടുംബത്തെ കൂടെ നിര്‍ത്താന്‍ കഴിയാത്ത അവസ്ഥയാണ്.

കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രി ആയിരിക്കെയാണ് പൊലീസില്‍ ഗ്രേഡിങ്ങ് സമ്പ്രദായം നടപ്പിലാക്കിയത്. വര്‍ഷങ്ങളായി സ്ഥാനക്കയറ്റം മുടങ്ങിക്കിടക്കുന്ന സാഹചര്യത്തിലായിരുന്നു നടപടി. ആനുകൂല്ല്യങ്ങള്‍ ലഭിച്ചില്ലെങ്കിലും ഗ്രേഡിങ്ങിലൂടെയുള്ള പദവി മാറ്റത്തിന് സേനയില്‍ വന്‍സ്വീകാര്യത ലഭിച്ചിരുന്നു. 15 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ക്ക് സീനിയര്‍ സി.പി.ഒ, 22 വര്‍ഷം പൂര്‍ത്തിയായവര്‍ക്ക് എ.എസ്.ഐ, 27 വര്‍ഷം പൂര്‍ത്തിയായവര്‍ക്ക് എസ്.ഐ പദവിയുമാണ് ഗ്രേഡിങ്ങ് സമ്പ്രദായത്തിലൂടെ ലഭിച്ചിരുന്നത്. അതേ സമയം ഇവരുടെ സര്‍വ്വീസ് ബുക്കില്‍ തസ്തിക പുനര്‍ നിര്‍ണ്ണയിക്കാത്തത് കാരണം ഗ്രേഡിങ്ങ് വഴി മറ്റ് ആനുകൂല്ല്യങ്ങള്‍ ലഭിച്ചിരുന്നില്ല.

നിലവില്‍ പൊലീസ് ജില്ലാ അടിസ്ഥാനത്തിലാണ് സി.പി.ഒ, സീനിയര്‍ സിപി.ഒ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നത്. ഇതേ മാതൃകയിലോ റവന്യൂ ജില്ലാ അടിസ്ഥാനത്തിലോ എ.എസ്.ഐ, എസ്.ഐ തസ്തികകളിലേക്കും സ്ഥാനക്കയറ്റം നല്‍കണമെന്ന ആവശ്യം ഉയരുന്നുണ്ട്. പൊലീസ് റെയിഞ്ചില്‍ ഒഴിവ് വരുന്നതിന് അനുസരിച്ചാണ് തസ്തിക പുനര്‍ നിര്‍ണ്ണയിച്ച് സ്ഥാനക്കയറ്റം നല്‍കുന്നത്. ഇപ്പോള്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ചുമതലയുള്ള ഇന്‍സ്‌പെക്ടര്‍ തസ്തിക മുതല്‍ സംസ്ഥാന അടിസ്ഥാനത്തിലാണ് സ്ഥാനക്കയറ്റം നിര്‍ണ്ണയിക്കുന്നത്. സേനയില്‍ ശക്തമായ എതിര്‍പ്പ് ഉയരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് കേരളാ പൊലീസ് അസോസിയേഷന്‍ നേതാക്കള്‍.

Read More >>