പി.എസ്.സി വഴി നിയമിതനാകുന്ന പൊലീസുകാരൻ ദാസ്യപ്പണി ചെയ്യേണ്ട: കോടിയേരി ബാലകൃഷ്ണൻ

Published On: 2018-06-20T12:15:00+05:30
പി.എസ്.സി വഴി നിയമിതനാകുന്ന പൊലീസുകാരൻ ദാസ്യപ്പണി ചെയ്യേണ്ട: കോടിയേരി ബാലകൃഷ്ണൻ

തൃശൂർ: പി എസ് സി വഴി നിയമിതനാകുന്ന പൊലീസുകാരന് ദാസ്യപ്പണി ചെയ്യേണ്ടകാര്യമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പൊലീസിനെകൊണ്ട് ദാസ്യപ്പണി എടുപ്പിച്ചാൽ എത്ര ഉന്നതനായാലും കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ മാധ്യമ പ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു കോടിയേരി.

സംസ്ഥാനത്തെ പൊലീസ് കേരള സംസ്കാരത്തിന് അനുസരിച്ച് പ്രവർത്തിക്കണം. മറ്റു സംസ്ഥാനങ്ങളിൽ പൊലീസിനെക്കൊണ്ട് ദാസ്യപ്പണി ചെയ്യിപ്പിക്കുന്നുണ്ട്‌. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഐ പി എസുകാർ കേരളത്തിന്റെ സംസ്കാരത്തിന് അനുസരിച്ച് മാറണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ അപൂർവം ഓഫീസർമാരെക്കുറിച്ചാണ് പരാതി ഉയർന്നിട്ടുള്ളത്.

ഇടതുപക്ഷ സർക്കാർ ഒരു കാരണവശാലും പൊലീസിന്റെ ദാസ്യപ്പണി അനുവദിക്കില്ല. പഴയ കാലത്ത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചു വഴി നിയമിച്ച പൊലീസുകാരെകൊണ്ട് ഇത്തരം പണികളെടുപ്പിച്ചിരുന്നു. എന്നാൽ ഇന്നത് നിരോധിച്ചു. 1980 മുതൽ പൊലീസിനെ നിയമിക്കുന്നത് പി എസ് സി വഴിയാണ്. ഒരു തരത്തിലുള്ള വീട്ടുവേലയും ഇവർ ഓഫീസർമാർക്കുവേണ്ടി ചെയ്യേണ്ടതില്ലെന്നും കോടിയേരി പറഞ്ഞു.

Top Stories
Share it
Top