മഴ പിന്‍വാങ്ങുന്നു; സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ മാത്രം ഓറഞ്ച് അലേര്‍ട്ട്

മറ്റ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശമില്ല

മഴ പിന്‍വാങ്ങുന്നു; സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ മാത്രം ഓറഞ്ച് അലേര്‍ട്ട്


തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്ന് രണ്ട് ജില്ലകളില്‍ മാത്രമാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്.കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. മറ്റ് ജില്ലകള്‍ക്ക് ജാഗ്രതാനിര്‍ദേശമില്ല. നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് മാത്രമാണ് പ്രഖ്യാപിച്ചത്. ഇടുക്കി, കാസര്‍കോഡ് , കണ്ണൂര്‍ ജില്ലകളിലാണ് നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപനമുള്ളത്. ഇന്ന് രാവിലെ മുതല്‍ തന്നെ റെഡ് അലേര്‍ട്ട് സംസ്ഥാനത്ത് നിന്ന് പിന്‍വലിച്ചെങ്കിലും മൂന്ന് ജില്ലകളില്‍ 'ഓറഞ്ച്' അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. വയനാട്, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കാലാവസ്ഥ വകുപ്പിന്റെ പുതിയ റിപോര്‍ട്ട് പ്രകാരം. കോഴിക്കോട് , മലപ്പുറം ജില്ലകളെ അലേര്‍ട്ടില്‍ നിന്ന് പിന്‍വലിക്കുകയും കാസര്‍കോഡ് ഓറഞ്ച് അലേര്‍ട്ട പ്രഖ്യാപിക്കുകയും സംസ്ഥാനത്ത് നിന്ന് യെല്ലോ അലേര്‍ട്ട് പിന്‍വലിക്കുകയും ചെയ്തു. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും രാവിലെ അറിയിപ്പ് വന്നിരുന്നു. കേരളാ തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടുത്തക്കാര്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിക്കുന്നതിനാലാണ് സംസ്ഥാനത്ത് നിലവില്‍ മഴ തുടരുന്നത്. കേരള-കര്‍ണാടക രൂപം കൊണ്ട ന്യൂനമര്‍ദ്ദ പാത്തിയും മഴയ്ക്ക് മറ്റൊരു കാരണമാണ്. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ മഴ പെയ്യുന്ന പ്രതിഭാസം വരും വര്‍ഷങ്ങളിലും പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

Read More >>