ദുരിതബാധിതമേഖലകളില്‍  സേനാവിഭാഗങ്ങള്‍ കര്‍മ്മനിരതം

കൊച്ചി: അണക്കെട്ടുകള്‍ തുറന്നതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിന്റെ ദുരിതങ്ങള്‍ ലഘൂകരിക്കുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും...

 ദുരിതബാധിതമേഖലകളില്‍  സേനാവിഭാഗങ്ങള്‍ കര്‍മ്മനിരതം

കൊച്ചി: അണക്കെട്ടുകള്‍ തുറന്നതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിന്റെ ദുരിതങ്ങള്‍ ലഘൂകരിക്കുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ദുരിതബാധിതമേഖലകളില്‍ വിവിധ സേനാവിഭാഗങ്ങള്‍ നിലയുറപ്പിച്ചു.

കരസേനാ വിഭാഗമായ മദ്രാസ് എഞ്ചിനീയറിങ് ഗ്രൂപ്പ്, തീരദേശ സേനയുടെ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ടീം, ദേശീയ ദുരന്ത നിവാരണ സേന, നാവികസേന തുടങ്ങിയ വിഭാഗങ്ങളെ വിവിധ ദുരിതബാധിത പ്രദേശങ്ങളില്‍ വിന്യസിച്ചു. പാലം, റോഡ് തുടങ്ങിയവ തകരുമ്പോള്‍ ഉടനടി ഗതാഗതം പുന:സ്ഥാപിക്കുന്ന കരസേനാ വിഭാഗമായ മദ്രാസ് എഞ്ചിനീയറിങ് ഗ്രൂപ്പിനെ പറവൂര്‍ താലൂക്കിലെ ചേന്ദമംഗലത്താണ് നിയോഗിച്ചിട്ടുള്ളത്. 30 പേരാണ് സംഘത്തിലുള്ളത്. പെരിയാറിന്റെ പ്രധാന കൈവഴി കടന്നുപോകുന്ന പ്രദേശമായതിനാല്‍ വെള്ളത്തിന്റെ കുത്തൊഴുക്ക് ശക്തി പ്രാപിക്കുന്ന പ്രദേശമാണ് ചേന്ദമംഗലം. മൂന്നു വീതം ബൗട്ടുകള്‍, ഔട്ട് ബോര്‍ഡ് മോട്ടോര്‍, നങ്കൂരം, ഓരോ സെറ്റ് ബാറ്റില്‍ അസോള്‍ട്ട് ന്യൂമാറ്റിക്, ത്രീമെന്‍ റെക്കി ബോട്ട്, റോപ്പ്, 180 ലൈഫ് ജാക്കറ്റുകള്‍ എന്നിവയാണ് സംഘത്തിന്റെ കൈവശമുള്ള പ്രധാന രക്ഷാ ഉപകരണങ്ങള്‍.

ദേശീയ ദുരന്തനിവാരണ സേനയുടെ 37 അംഗങ്ങളാണ് രംഗത്തുള്ളത്. ഇവരെ പൂര്‍ണ്ണമായും ആലുവ ഭാഗത്താണ് നിയോഗിച്ചിട്ടുള്ളത്. കര്‍ക്കിടക വാവുബലിയോടനുബന്ധിച്ചുള്ള പിതൃതര്‍പ്പണ ചടങ്ങുകള്‍ക്ക് നിരവധിയാളുകളെത്തുന്നതിനാലും താഴ്ന്ന പ്രദേശമായതിനാല്‍ ജലനിരപ്പ് കൂടുമെന്നതിനാലുമാണിത്. കഴിഞ്ഞ കാലവര്‍ഷത്തില്‍ ജില്ലയില്‍ ഏറ്റവുമധികം വെള്ളം കയറിയ പ്രദേശമാണിത്. ബോട്ടുകള്‍, 40 ലൈഫ് ജാക്കറ്റുകള്‍, 20 ലൈറ്റ് ബോയ്, സേഫ്റ്റി റോപ്പ്‌സ് എന്നിവയാണ് രക്ഷാപ്രവര്‍ത്തനത്തിനായി സേന കരുതിയിട്ടുള്ളത്. അതിവിദഗ്ധ സ്‌കൂബാ ടീമും സംഘത്തിലുണ്ട്.
മൂവാറ്റുപുഴ റവന്യൂ ഡിവിഷനു കീഴിലെ ചേലാമറ്റം പ്രദേശത്താണ് 14 പേരടങ്ങുന്ന കോസ്റ്റ് ഗാര്‍ഡ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ടീമിനെ നിയോഗിച്ചിരിക്കുന്നത്. ഒരു ജെമിനി ബോട്ട്, ഒരു ഒ.ബി.എം. ബോട്ട്, 220 മീറ്റര്‍ റോപ്പ്, 18 ലൈഫ് ജാക്കറ്റ് എന്നിവയാണ് സംഘത്തിന്റെ കൈവശമുള്ളത്.
നാവികസേനയുടെ രണ്ട് ഗ്രൂപ്പുകളാണ് രക്ഷാപ്രവര്‍ത്തനരംഗത്തുള്ളത്. അഞ്ചു മുങ്ങല്‍ വിദഗ്ധരടങ്ങുന്ന സംഘത്തെ ഫോര്‍ട്ട് കൊച്ചി റവന്യൂ ഡിവിഷനു കീഴിലെ കീഴ്മാടും കടമക്കുടി പഞ്ചായത്തിലെ പിഴലയിലുമാണ് നിയോഗിച്ചിട്ടുള്ളത്. കൂടാതെ അഗ്‌നിശമനസേനാ വിഭാഗവും പോലീസും സന്നദ്ധ പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനരംഗത്ത് സജീവമാണ്.

Story by
Read More >>