നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യത; റെഡ് അലര്‍ട്ടില്ല

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നത് കാരണം ആലപ്പുഴ മുതല്‍ വടക്കോട്ട് ഉള്ള ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്

നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യത; റെഡ് അലര്‍ട്ടില്ല


തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചു. സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തെ ഒരു ജില്ലയിലും നാളെ റെഡ് അലര്‍ട്ടില്ല. മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുകയും ഇത് ഒഡീഷ തീരത്തേക്ക് നീങ്ങുകയുമാണ്. അടുത്ത 24 മണിക്കൂറില്‍ ഈ നൂന്യമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിക്കും. അതിനാല്‍ വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആലപ്പുഴ മുതല്‍ വടക്കോട്ട് ഉള്ള ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. നാളെ മലപ്പുറം മുതല്‍ വടക്കോട്ട് ഉള്ള ജില്ലകളിളായിരിക്കും ശക്തമായ മഴ പെയ്യുക. മറ്റന്നാള്‍ വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം പറയുന്നു. രണ്ട് ദിവസം കൂടി ന്യൂനമര്‍ദ്ദം മൂലമുള്ള മഴ തുടരുമെന്നാണ് പ്രവചനം. സംസ്ഥാനത്ത് തുടര്‍ന്ന് വന്ന ജാഗ്രത നിര്‍ദ്ദേശങ്ങള്‍ 15 വരെ കര്‍ശനമായി തുടരാണ് ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാനം.

ഉരുള്‍പൊട്ടല്‍ സാദ്ധ്യതയുള്ള പ്രദേശങ്ങളിലുള്ളവരോട് മുന്‍കരുതല്‍ എന്നോണം ക്യാമ്പുകളിലേക്ക് മാറാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മലയോര മേഖലകളിലേക്കും ബീച്ചുകളിലേക്കും വിനോദ സഞ്ചാരത്തിന് പോകരുത്. കേരള-കര്‍ണാടക തീരത്ത് നൂന്യമര്‍ദ്ദപാത്തി രൂപപ്പെട്ടിട്ടുണ്ട്. തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ പരാമാവധി 55 കിലോമീറ്റര്‍ വരെ വേഗതയില്‍ തെക്ക് പടിഞ്ഞാറ്, മധ്യ അറബിക്കടലില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന തിരമാലകള്‍ക്കും സാദ്ധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. 16, 17 തിയ്യതികളോടെ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

Read More >>